ഡോക്ടർമാരുടെ ദിനത്തിൽ ഡോ.ടി.എം.ഗോപിനാഥപിള്ളയെ ആദരിച്ചു
ചിറക്കടവ് : മഹാവിഷ്ണുക്ഷേത്രം ഭരണസമിതി ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.ടി.എം.ഗോപിനാഥപിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. 45 വർഷത്തെ സേവന പാരമ്പര്യമുള്ള ചിറക്കടവ് ഗോകുലം ടി.എം.ഗോപിനാഥപിള്ള വിവിധ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഓഫീസറായും ജനറൽ ആശുപത്രിയിൽ സൂപ്രണ്ടായും ശബരിമല സന്നിധാനത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യമേഖലയെ സംബന്ധിച്ച് അദ്ദേഹം രചിച്ചിട്ടുള്ള പുസ്തകങ്ങൾ സംസ്ഥാനത്തെങ്ങും വൻ പ്രചാരം നേടി.
വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആരോഗ്യസെമിനാറുകൾക്ക് നേത്യത്വം വഹിച്ചുവരുന്ന ഡോക്ടർ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ശാന്തിനികേതൻ ആശുപത്രിയിൽ എത്തിയാണ് ക്ഷേത്രം ഭാരവാഹികൾ ആദരിച്ചത്. പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി എം.എൻ.രാജരത്‌നം, വൈസ് പ്രസിഡന്റ് സുമേഷ് ശങ്കർ പുഴയനാൽ, ശാന്തിനികേതൻ ആശുപത്രി മാനേജർ എസ്.രാജീവ്കുമാർ പുന്നാംപറമ്പിൽ, നഴ്‌സിങ് അസിസ്റ്റൻറുമാരായ കെ.എസ്.സുജാത, എം.എസ്.അപ്‌സര എന്നിവർ പങ്കെടുത്തു.

