സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റോബോട്ടിക് ഐഒടി സാങ്കേതികവിദ്യയിൽ ദേശീയപതാക ഉയർത്തി കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് പബ്ലിക് സ്കൂൾ.
കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാങ്കേതികവിദ്യയുടെ പുതുവിസ്മയം പകർന്ന്, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്കൂൾ. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി, വിദ്യാർത്ഥികൾ സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഐഒടി അധിഷ്ഠിത റോബോട്ടിക് സംവിധാനം, ഐഒടി പവേർഡ് റോബോട്ടിക് ഫ്ലാഗ് ഹോസ്റ്റിംഗ് സിസ്റ്റം ഉപയോഗിച്ച് സ്കൂളിൽ ദേശീയപതാക ഉയർത്തി.
സ്കൂളിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ആൻഡ് എഐ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ തങ്ങളുടെ നവീന ആശയത്തിൽ രൂപകൽപ്പന ചെയ്ത സംവിധാനമാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ്, പ്രത്യേക റിമോട്ട് കൺട്രോളറിലെ സ്വിച്ച് അമർത്തിയതോടെ, ഐഒടി സാങ്കേതികവിദ്യയിലൂടെ റോബോട്ടിക് മെക്കാനിസം ദേശീയപതാക ഉയർത്തുകയായിരുന്നു. പ്രമുഖ എഡ്യൂടെക് റോബോട്ടിക്സ് സ്ഥാപനമായ ടെക്സർലാബ്സുമായി സഹകരിച്ചാണ്, സ്കൂളിൽ റോബോട്ടിക്സ് ആൻഡ് എഐ ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഡ്രോണുകൾ, ഇരുവശത്തുനിന്നും പതാകയ്ക്ക് അകമ്പടിയേകിയത് ചടങ്ങിന് ഇരട്ടി മനോഹാരിത പകർന്നു. പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട്, സാങ്കേതികവിദ്യയെ ദേശഭക്തിയുമായി സംയോജിപ്പിച്ച ഈ കാഴ്ച്ച അധ്യാപകരിലും രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്.
കേരളത്തിൽ ആദ്യമായാണ് ഒരു സ്കൂളിൽ കുട്ടികൾ തന്നെ രൂപകൽപ്പന ചെയ്ത റോബോട്ടിക് ഐഒടി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുന്നത്. വിദ്യാർത്ഥികളുടെ ശാസ്ത്ര സാങ്കേതിക അഭിരുചിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മികവും പ്രായോഗികതലത്തിൽ തെളിയിക്കുന്ന ഒന്നായി ഈ സ്വാതന്ത്ര്യദിനാഘോഷം മാറിയെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് അഭിപ്രായപ്പെട്ടു. സ്കൂളിലെ റോബോട്ടിക്സ് ആൻഡ് എഐ വിഭാഗം അധ്യാപകരായ ഷാരോൺ പട്ടേരിൽ, അലൻ ബാബു, ആദിൽ കെ. പ്രദീപ്, ശ്രീശാന്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
