KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടിന് അഭിമാനം ; കാനഡയിൽ പോലിസ് ഓഫിസറായി എരുമേലി സ്വദേശി ക്രിസ്റ്റൻ ജോസ് ചുമതലയേറ്റു.

എരുമേലി : എരുമേലി സ്വദേശി ക്രിസ്റ്റൻ ജോസ് കാനഡയിലെ ടൊറന്റോയിൽ പൊലീസ് ഓഫീസറായി ചുമതലയേറ്റു . എരുമേലി ഒഴക്കനാട് നാഗത്തുങ്കൽ സി എ ജോസഫ്, മോളി ദമ്പതികളുടെ മകനായ ക്രിസ്റ്റൻ ജോസ് ഇക്കഴിഞ്ഞ 20 നാണ് കാനഡയിലെ മുൻസിപ്പൽ പൊലീസ് സേനയായ ടൊറന്റോ പൊലീസ് സർവീസിൽ ഓഫീസറായി ചുമതലയേറ്റത്. ആനക്കല്ല് സെന്റ്‌ ആന്റണീസ് സ്കൂൾ , കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പൂർവ വിദ്യാർത്ഥിയാണ്. കാനഡയിൽ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ക്രിസ്റ്റൻ .

ഇക്കഴിഞ്ഞ 20-ന് നടന്ന ഔദ്യോഗിക ചടങ്ങിൽ അദ്ദേഹം തന്റെ പൊലീസ് ബാഡ്ജ് സ്വീകരിച്ച് ചുമതലയേറ്റു. 30 ലക്ഷത്തോളം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ നഗരമാണ് ടൊറന്റോ. ഇവിടെ സുരക്ഷാ ചുമതലയുള്ള പോലീസ് സേനയിലേക്കാണ് ക്രിസ്റ്റൻ തിരഞ്ഞെടുക്കപ്പെട്ടത്. കഠിനമായ ശാരീരികക്ഷമതാ പരീക്ഷണങ്ങളും നിയമ-അക്കാദമിക് പരീക്ഷകളും മനശാസ്ത്രപരമായ വിലയിരുത്തലുകളും ഉൾപ്പടെ വിവിധ തലങ്ങളിലുള്ള ഇന്റർവ്യൂകൾ ഇതിനായി വേണ്ടിവന്നു. ഇവയെല്ലാം ആദ്യ ശ്രമത്തിൽ തന്നെ വിജയകരമായി മറികടക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ക്രിസ്റ്റൻ പറഞ്ഞു.

തുടർന്ന് ഒന്റാരിയോ പൊലീസ് കോളേജിലും ടൊറന്റോ പൊലീസ് അക്കാദമിയിലുമായിരുന്നു കഠിനമായ പരിശീലനം. മികച്ച പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റൻ ടോപ്പ് 25 റാങ്കിൽ ഉൾപ്പെട്ടു. തുടർന്ന് ടൊറന്റോ പൊലീസ് കോളേജിലെ അത്യാധുനിക മെട്രോപൊളിറ്റൻ ടാക്റ്റിക്കൽ, ലീഗൽ പരിശീലനങ്ങളും പൂർത്തിയാക്കിയതോടെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2018-ലാണ് ക്രിസ്റ്റൻ ജോസ് കാനഡയിലേക്ക് കുടിയേറുന്നത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്നും ക്വാളിറ്റി എഞ്ചിനീയറിംഗ് മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കാനഡയിലെ ടിഡി ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഓപ്പറേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ആഷ്മി ക്രിസ്റ്റൻ. സഹോദരി ക്രിസ്റ്റി മരിയ ജോസ്.

error: Content is protected !!