KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അന്വേഷണ മികവിന് കൈയ്യടി… എരുമേലിയിൽ നഷ്ടപ്പെട്ട ഫോൺ പന്തളത്ത് നിന്ന് പോലിസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി.

എരുമേലി : എരുമേലി സ്വദേശിനിയുടെ നഷ്ടപ്പെട്ട ഫോൺ സൈബർ അന്വേഷണത്തിലൂടെ പന്തളത്ത് നിന്ന് പോലിസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. മൂന്ന് മാസം മുമ്പ് എരുമേലി–കാഞ്ഞിരപ്പള്ളി റൂട്ടിൽ വെച്ചാണ് ഫോൺ നഷ്‌ടപ്പെട്ടത്. തുടർന്ന് എരുമേലി പോലിസ് സ്റ്റേഷനിൽ പരാതി നൽകി. പോലിസ് നിർദേശപ്രകാരം സിഇഐആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയിരുന്നു.

എരുമേലി സ്റ്റേഷനിൽ സൈബർ കുറ്റാന്വേഷണ വിഭാഗം ചുമതല വഹിക്കുന്ന സിപിഒ അനീഷിന്റെ നേതൃത്വത്തിൽ ഇതോടെ അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട ഫോൺ ഓൺ ആയപ്പോൾ തുടർന്ന് ലൊക്കേഷൻ കണ്ടെത്തി അന്വേഷണം തുടർന്നതോടെ ഫോൺ പന്തളത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഫോൺ എരുമേലി സ്റ്റേഷനിലെത്തിച്ച് കേസ് നടപടികൾ പൂർത്തിയാക്കി എസ് ഐ ശാന്തി കെ ബാബു ഉടമയ്ക്ക് കൈമാറി.

സിഇഐആർ സംവിധാനം.

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും അനധികൃതമായി ഉപയോഗിക്കുന്നത് തടയുന്നതിനും സഹായിക്കുന്ന സംവിധാനമാണ് സിഇഐആർ (സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ) . ഫോൺ നഷ്ടപ്പെട്ടാൽ ഫോണിന്റെ ഐഎംഇഐ നമ്പർ സിഇഐആർ പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഫോൺ ബ്ലോക്ക് ചെയ്യാനും പിന്നീട് കണ്ടെത്തിയാൽ തിരിച്ചറിയാനും സാധിക്കും. മൂന്ന് മാസം മുമ്പ് നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകിയ സംഭവം സിഇഐആർ സംവിധാനത്തിന്റെ പ്രയോജനവും പോലീസിന്റെ സാങ്കേതിക അന്വേഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും വ്യക്തമാക്കുന്നതാണെന്ന് എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ ശാന്തി കെ ബാബു പറഞ്ഞു.

error: Content is protected !!