‘ഹരിതം ആരണ്യകം’ : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാട് തെളിച്ചു.
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ‘ഹരിതം ആരണ്യകം’ പദ്ധതിയുടെ ഭാഗമായി കനകപ്പലം – വെച്ചൂച്ചിറ പാതയോര സൗന്ദര്യവൽക്കരണ പരിപാടിയിൽ റോഡിനിരുവശത്തേയും കാടുകൾ തെളിച്ച് ചെടികൾ പരിപാലിക്കുന്ന പരിപാടികൾക്ക് തുടക്കമായി.
ബുധനാഴ്ച മുതൽ മൂന്ന് ദിവസം കൊണ്ട് കാടു തെളിച്ച് പുതിയ ചെടികൾ നടും. മൂന്നു വർഷം മുമ്പ് മാലിന്യ നിബിഡവും ദുർഗ്ഗന്ധപൂരിതവുമായിരുന്ന ഈ പ്രദേശത്ത് 52 ടൺ ജൈവ അജൈവ മാലിന്യങ്ങൾ ജനപങ്കാളിത്തത്തോടെ ശേഖരിച്ച്
സംസ്ക്കരിച്ചാണ് പദ്ധതി ആരംഭിച്ചത്. തുടർന്ന് പാതയോരത്തെ കാടുകൾ നീക്കം ചെയ്ത് ചെടികൾ വച്ചു പിടിപ്പിച്ച് സുന്ദരമാക്കിയിരുന്നു.
ഇവിടെ മാലിന്യം വീണ്ടും ഇടാതെയിരിക്കാനായി ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ് എരുമേലി റേഞ്ചിന്റെ സഹകരണത്തോടെ ജനകീയമായി പരിപാലനവും തുടങ്ങിയിരുന്നു.
പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫീസിൽ ആണ് ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നത്. റാന്നി സെന്റ് തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റ്, എരുമേലി എംഇഎസ് കോളേജ്, വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക്, കുന്നം എംടിവിഎച്ച്എസ്എസ്, ചൊള്ളനാവയൽ ഗവ. ഐറ്റിഐ,
കനകപ്പലം എംടിഎച്ച്എസ്, കനകപ്പലം എംടിഎൽപിഎസ്, വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസ്,
എന്നീ വിദ്യാലയങ്ങളും കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് വെച്ചൂച്ചിറ മേഖല കമ്മറ്റി, നാഷണൽ ജനതാദൾ റാന്നി നിയോജക മണ്ഡലം കമ്മറ്റി, വെച്ചൂച്ചിറ വിഎഫ്എഎസ്, കനകപ്പലം മാർത്തോമ്മാ ചർച്ച്, കോളനി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, യുവജന സഖ്യം, എരുമേലി ഗ്രാമംഞ്ചായത്ത്, വിവിധ അയൽക്കൂട്ടങ്ങൾ എന്നിവയുടെ സഹകരണത്തിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇന്നലെ നടന്ന കാടുതെളിക്കൽ പരിപാടികൾ കെസിസി വെച്ചൂച്ചിറ മേഖലാ പ്രസിഡന്റ് റവ. സി കെ കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ്ന്റ് ടി കെ സാജു, സെക്രട്ടറി ജോൺ സാമുവേൽ, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എം സുരേഷ്, പി എ നെജിമോൻ
ട്രഷറാർ ജോൺ വി തോമസ്, സജി കരിമ്പിൻതോട്, ദാമോദരൻ, നീതുമോൾ, സോളമൻ വെള്ളാംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
