കൂറുമാറ്റം കോടതിവിധി : എരുമേലി പഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയാമ്മ സണ്ണിയെ ആറ് വർഷത്തേക്ക് അയോഗ്യയാക്കി.
എരുമേലി : പഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയാമ്മ സണ്ണിയെ (സുബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിച്ച് വിധി പുറപ്പെടുവിച്ചു. കോൺഗ്രസ് നേതൃത്വം നൽകിയ പരാതിയിൽ ആണ് ഉത്തരവ്. ഇന്നലെ മുതൽ ആറ് വർഷത്തേക്ക് സുബി സണ്ണിയ്ക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.
സുബി സണ്ണി പഞ്ചായത്ത് അംഗത്വവും പ്രസിഡന്റ് പദവിയും വഹിച്ച കാലയളവിൽ കൈപ്പറ്റിയ ഹോണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാബത്ത എന്നീ തുകകൾ സർക്കാർ തിരിച്ചു പിടിക്കണം എന്ന് ആവശ്യപ്പെട്ട് ഇനി കോടതിയിൽ ഹർജി നൽകുമെന്ന് എരുമേലി പഞ്ചായത്ത് മെമ്പർ ബിനോയ് ഇലവുങ്കൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി നൽകിയ മുൻ മെമ്പർ മാത്യു ജോസഫ് എന്നിവർ അറിയിച്ചു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇന്നലെ സിറ്റിംഗ് നടത്തിയ സേഷാദ്രി നാഥ് ആണ് വിധി പ്രഖ്യാപിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ശ്രീകുമാർ നായർ, ചന്ദ്രലാൽ എന്നിവർ ഹാജരായി. കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി യുഡിഎഫ് മുന്നണിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച സുബി സണ്ണി പഞ്ചായത്ത് പ്രസിഡന്റ് ആവുകയും തുടർന്ന് മുന്നണി ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞ ശേഷം യുഡിഎഫി നെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി
കോൺഗ്രസ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയും തുടർന്ന് ഇടതുപക്ഷ പിന്തുണയിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തത് പഞ്ചായത്ത് രാജ് നിയമ പ്രകാരം കൂറുമാറ്റം ആണെന്ന് ആരോപിച്ച് 2024 നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ ഹർജിയിൽ ആണ് ഇന്നലെ വിധി ഉണ്ടായത്.
ഇത് എരുമേലിയിലെ ഓരോ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടെയും വിജയം ആണെന്ന് ഹർജിക്കാരൻ മാത്യു ജോസഫ് പറഞ്ഞു. ഒപ്പം ഇത് ഇടതുപക്ഷത്തിന് കിട്ടിയ താക്കീത് കൂടിയാണ്. നേരും നെറിയും ഇല്ലാതെ ഭരണം കിട്ടാൻ ഏത് മാർഗ്ഗവും സ്വീകരിക്കുന്ന പ്രവണതയ്ക്ക് കിട്ടിയ ശിക്ഷ ആണ് കമ്മീഷൻ നൽകിയ വിധി എന്ന് മാത്യു ജോസഫ് കൂട്ടിച്ചേർത്തു. ഈ വിധിയുടെ വിജയം എരുമേലിയിലെ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും സമർപ്പിക്കുകയാണെന്ന് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കരയും മണ്ഡലം പ്രസിഡന്റ് റെജി അമ്പാറയും പറഞ്ഞു.
താൻ അന്നും ഇന്നും കോൺഗ്രസ് നേതൃത്വം നൽകുന്നതും ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടുന്നതുമായ ഇന്ത്യ മുന്നണിയിലെ അംഗമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ അയോഗ്യത നടപടി സ്വീകരിച്ചതെന്നും മറിയാമ്മ സണ്ണി പ്രതികരിച്ചു.
