ചിറക്കടവ് പഞ്ചായത്ത് ; കോൺഗ്രസും ബി.ജെ.പി.യും നടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണസമിതി.
പൊൻകുന്നം: കോൺഗ്രസും ബി.ജെ.പി.യും ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തിൽ ആരോപണങ്ങൾ ഉയർത്തുകയാണെന്ന് ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം സെക്രട്ടറിക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച് പഞ്ചായത്തിലേക്ക് കോൺഗ്രസ മാർച്ച് നടത്തുകയും ഉച്ചവരെ പഞ്ചായത്തിന്റെ ഷട്ടർ താഴ്ത്തി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും ഭാരവാഹികൾ പറഞ്ഞു.
സെക്രട്ടറിയോട് കോൺഗ്രസ് നേതാക്കൾക്കുള്ള വ്യക്തിവിരോധവും യു.ഡി.എഫിലെ തർക്കങ്ങളുമാണ് കാരണം. രണ്ടാംവാർഡിലെ ജനവിധിയെ അംഗീകരിക്കാതെ സെക്രട്ടറിക്കും വാർഡ് മെമ്പർക്കും എതിരെ കോൺഗ്രസ് കേസുമായി പോയിരുന്നു. ഇതിന്റെ തുടർച്ചയായി മണ്ണെടുപ്പുമായി ബന്ധപ്പെടുത്തി സെക്രട്ടറിക്കെതിരെ പേരില്ലാത്ത പോസ്റ്റർ കോൺഗ്രസ്സ് നേതാക്കൾ ഒട്ടിക്കുകയും ചെയ്തു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം വെച്ച് സെക്രട്ടറി പരാതി നൽകിയപ്പോൾ നേതാക്കൾ മാപ്പ് പറഞ്ഞാണ് കേസ് തീർത്തത്. പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സെക്രട്ടറിയെ സ്ഥലം മാറ്റാൻ ഉത്തരവിറക്കി. സെക്രട്ടറി കോടതിയിൽ പോയി പ്രൊട്ടക്ഷൻ വാങ്ങി. തുടർന്ന് സെക്രട്ടറിയെ അഴിമതിക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമം.
രണ്ടുവർഷമായി ഈ പഞ്ചായത്തിൽ ജോലി ചെയ്യുന്ന സെക്രട്ടറിയെ കുറിച്ച് കോൺഗ്രസ്സിന്റെ മെമ്പർമാർ ഉൾപ്പെടെ പഞ്ചായത്ത് കമ്മിറ്റിയിൽ പോലും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല.
പൊൻകുന്നത്തെ ചില കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടുണ്ട്. പുതിയ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിയമവിരുദ്ധത ഉണ്ട്. ഇതിനെതിരെ പഞ്ചായത്ത് കൃത്യമായി നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റൊരു കെട്ടിടവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വാക്കാൽ പരാതി ഉന്നയിച്ചു. ഇതിൽ നിയമവിരുദ്ധത ഇല്ല എന്നാണ് പരിശോധനയിൽ വ്യക്തമായത്.
മണ്ണെടുപ്പ് പരിശോധിക്കാൻ രൂപവത്ക്കരിച്ച സബ്കമ്മിറ്റിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാകുന്ന തരത്തിൽ ബി.ജെ.പി. പ്രചാരണം നടത്തി. പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം വന്നപ്പോൾ അഴിമതി ആരോപണങ്ങൾ തനിക്ക് ഇല്ലായെന്നും കമ്മിറ്റിയുടെ നിയമ സാധുതയെ മാത്രമാണ് ചോദ്യം ചെയ്തതെന്നുമാണ് ബി.ജെ.പി.അംഗം വിശദീകരിച്ചത്. 2023 ൽ കെട്ടിടം പണിയാൻ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയതിൽ പിന്നെ ഇതുവരെ 67 അനുമതികൾ ആണ് പഞ്ചായത്ത് നൽകിയത്. ഒരു വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിക്കാത്ത അപേക്ഷകർക്ക് റോയൽറ്റിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കേണ്ടി വരുമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ് തടയാൻ പഞ്ചായത്തിനെ സഹായിക്കുന്നതിന് ശക്തിപകരാനുള്ള സബ് കമ്മിറ്റിയുടെ പ്രവർത്തനം തടസപ്പെടുത്തി മണ്ണെടുപ്പുകാർക്ക് സൗകര്യം ചെയ്തു കൊടുക്കാനാണോ ബി.ജെ.പി ആഗ്രഹിക്കുന്നത്. ഏഴാം വാർഡിൽ മെമ്പർ ആന്റണി മാർട്ടിൻ കൊണ്ടുവന്ന ശ്രദ്ധ എന്ന പദ്ധതിയെക്കുറിച്ചും ബി.ജെ.പി.അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. ഈ പദ്ധതിയുടെ പ്രവർത്തനം പഠിക്കാൻ ചുമതലപ്പെടുത്തിയ രണ്ട് ബി.ജെ.പി മെമ്പർമാർ ഉൾപ്പെടെയുള്ള സബ്കമ്മിറ്റി അനുമതി നൽകിയ ശേഷമാണ് ബി.ജെ.പി.ഇതിനെ വിവാദമാക്കുന്നത്.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ ടി.എൻ.ഗിരീഷ്കുമാർ, വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, പഞ്ചായത്ത് അംഗങ്ങളായ ബി. ഗൗതം, മോഹൻ കുമാർ പൂഴിക്കുന്നേൽ, കെ.കെ.സന്തോഷ്, ഷാലിജ സുന്ദരേശൻ, ലേഖ സാബു എന്നിവർ പങ്കെടുത്തു.
