KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് 12 പശുക്കൾ കൂട്ടത്തോടെ ചത്തു.

എരുമേലി : ഇടിമിന്നൽ ആഘാതത്തിൽ എട്ട് പശുക്കൾ ഉൾപ്പടെ 12 നൽക്കാലികൾ ചത്തു. എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിൽ ആണ് സംഭവം. ബുധനാഴ്ച രാവിലെ എസ്റ്റേറ്റിൽ റബർ ടാപ്പ് ചെയ്യാൻ വന്ന തൊഴിലാളികൾ ആണ് വളർത്തു മൃഗങ്ങൾ ചത്തുകിടക്കുന്നത് കണ്ടത്. മൃഗ സംരക്ഷണ വകുപ്പിൽ നിന്ന് ഡോക്ടർമാർ എത്തി ജഡം പരിശോധിച്ച ശേഷം കാഞ്ഞിരപ്പള്ളി തഹസീൽദാർ സുനിൽ കുമാർ, ജനപ്രതിനിധികൾ, പോലിസ് ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എസ്റ്റേറ്റിൽ മറവു ചെയ്തു.

മരണ കാരണം മിന്നൽ ആഘാതം ആണെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം തീവ്രമായ തോതിൽ മഴ പെയ്തതിനൊപ്പം അതിശക്തമായ ഇടിമിന്നൽ തുടർച്ചയായുണ്ടായിരുന്നു. മൃഗങ്ങൾ ചത്തുകിടന്ന ഭാഗത്ത്‌ റബർ മരത്തിന്റെ ചുവട്ടിൽ ഇടിമിന്നൽ ഏറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ട്. മരത്തിന്റെ ചുവട് ഇളക്കി മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു മിന്നലിന്റെ വ്യാപ്തി. മരത്തിന്റെ ചുവട് ഭാഗം അടർന്നു തെളിഞ്ഞ നിലയിൽ തൊലി അടർന്നു മാറി. വേരുകൾ പുറത്തേക്ക് ദൃശ്യമായി. പരിസരത്ത് മൊത്തം മണ്ണ് അടർന്നു നീങ്ങി വിള്ളൽ രൂപപ്പെട്ടു..

എസ്റ്റേറ്റിലെ ലിസി, രതീഷ് എന്നീ രണ്ട് തൊഴിലാളികൾ വളർത്തിയിരുന്നവയാണ് ചത്ത മൃഗങ്ങൾ. എട്ട് പശുക്കൾ എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ലിസി എന്ന തൊഴിലാളിയുടെ ആണ്. ഇതിൽ നാലെണ്ണം ഗർഭിണികൾ ആയിരുന്നെന്ന് ലിസി പറഞ്ഞു. മൃഗങ്ങൾക്ക് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് ഉടമകൾ പറഞ്ഞു.

അപൂർവ ഇനമായ ചെറുവള്ളിക്കുള്ളൻ പശുക്കൾ ഏറെ പ്രത്യേകതകൾ ഉള്ള പശുക്കളാണ് . രോഗപ്രതിരോധശേഷി കൂടുതലുള്ള ഒരിനം നാടൻ പശുവിനമാണ് ചെറുവള്ളിപ്പശു. വർഷത്തിൽ ഒന്നെങ്കിലും പ്രസവിക്കുന്ന ഇവ ആയുസ്സിൽ 17 പ്രാവശ്യം വരെ പ്രസവിക്കുന്നു. ദിവസം 3 ലിറ്റർ വരെ പാൽ ലഭിക്കുന്ന ഇവയുടെ പാലിനു കൊഴുപ്പു കൂടുതലാണ്. സാധാരണ പശുക്കളെ അപേക്ഷിച്ച് പാൽ ഉത്പാദനം കുറവാണെങ്കിലും, ഇവയുടെ പാലിന് ഉയർന്ന ഔഷധഗുണമുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഈ പശുക്കളുടെ പാലും ചാണകവും കിടാവുകളും വിൽക്കുന്നതാണ് എസ്റ്റേറ്റിലെ കർഷകരുടെ പ്രധാന വരുമാനമാർഗ്ഗം.

error: Content is protected !!