എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട നാലുവരിപ്പാതയ്ക്ക് ചേനപ്പാടിയിൽ സർവേ തുടങ്ങി.

എരുമേലി : എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ഗ്രീൻഫീൽഡ് പാതയുടെ ( 45 മീറ്റർ വീതിയിൽ നാല് വരി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി) അലൈന്മെന്റിൽ മാറ്റംവരുത്തിയതിന്റെ ഭാഗമായി തിങ്കളാഴ്ച ചേനപ്പാടിയിൽ സർവേ തുടങ്ങി. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന രീതിയിലായിരുന്നു നേരത്തെയുണ്ടായിരുന്ന അലൈൻമെന്റ്. ഇത് നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ മധ്യഭാഗത്തുകൂടെയാണെന്നു കണ്ടതിനാൽ, സർക്കാർതലത്തിൽ നിർദേശം വന്നതിനെ തുടർന്നാണ് അലൈൻമെന്റ് മാറ്റിയത്.

ഭോപ്പാലിലെ സ്വകാര്യ ഏജൻസിയാണ് അലൈൻമെന്റ് തയ്യാറാക്കിയത്. സീറോ ഫോറെസ്റ്റ് സർവ്വേ, ടോപ്പോ ഗ്രാഫിക് സർവ്വേ തുടങ്ങിയവ പൂർത്തിയാക്കിയ ശേഷം ഫൈനൽ അലൈ‍ൻമെന്റ് തീരുമാനിച്ച് ലൊക്കേഷൻ സർവ്വേ നേരത്തെ നടത്തിയിരുന്നു. പുതുക്കിയ അലൈൻമെന്റ് അനുസരിച്ച് ചെറുവള്ളി എസ്റ്റേറ്റിന് പടിഞ്ഞാറുവശത്തുകൂടെയായിരിക്കും പുതിയ പാത. ഇതിനുള്ള അലൈൻമെന്റ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സർവേയെന്ന് അധികൃതർ പറഞ്ഞു.

മൊത്തം 240 കിലോമീറ്റർ വരുന്ന പാതയ്ക്ക് 45 മീറ്ററാണ് വീതി. ഭൂമി ഏറ്റെടുക്കൽ നടപടികൾ സർവേ പൂർത്തിയായ ശേഷമുണ്ടാകും. നെടുമങ്ങാട് – വിതുര- പുനലൂർ – പത്തനാപുരം- കോന്നി-റാന്നി – എരുമേലി – കാഞ്ഞിരപ്പള്ളി – തിടനാട് – അന്തിനാട് – തൊടുപുഴ – മലയാറ്റൂർ വഴിയാണ് അലൈൻമെന്റ്. ഈ മേഖലയിലെ പട്ടണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് സർവ്വേയെന്ന് അധികൃതർ പറഞ്ഞു. സ്ഥലം എടുപ്പ് ചിലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. കേന്ദ്ര സർക്കാർ അംഗീകരിച്ച ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുക. ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില (ന്യായവില ) ലഭിക്കുമെന്നതിനാൽ ഭൂമി വിട്ടു നൽകുന്നതിന് തടസ്സങ്ങൾ ഉണ്ടാവില്ലന്നാണ് കരുതപ്പെടുന്നത്. നവീന റോഡ് ശൃംഖലകൾ ഇല്ലാത്ത മേഖലകളിൽ ആധുനിക ഗതാഗത സൗകര്യമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

error: Content is protected !!