KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരിസ്ഥിതി സംരക്ഷണത്തിന് വിവിധ പദ്ധതികളുമായി ഇൻഫാം

പാറത്തോട്: പരിസ്ഥിതി സംരക്ഷണത്തിന് ഇൻഫാം കുടുംബങ്ങൾക്ക് അഞ്ച് ഇന പദ്ധതികൾ ആവിഷ്‌കരിച്ചതായി ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ . ഇൻഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ ഡോളോമൈറ്റ് വിതരണം, കാർബണിന്റെ അളവ് കുറയ്ക്കുന്നതിനും ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിനും വൃക്ഷോത്സവ് 2025, ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ പരിപാടി, ഓട്ടോ ടാക്‌സി ഡ്രൈവർമാർക്കുള്ള തൈ വിതരണം, ഇൻഫാം സംഘടനാംഗങ്ങൾ പ്രാക്ടീസ് ചെയ്യേണ്ട ഫൈവ് ആർ പ്രിൻസിപ്പൽസായ – റീ തിങ്ക്, റെഫ്യൂസ്, റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ എന്നിവയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം വിവിധ കാര്‍ഷികജില്ലകളിലേക്കും, കാര്‍ഷിക താലൂക്കുകളിലേക്കുമായി വിതരണം ചെയ്യുന്ന കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയുടെ തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.
യോഗത്തില്‍ തൈകള്‍ സ്പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ഇന്‍ഫാം പരിസ്ഥിതി പരിപാലന്‍ പുരസ്‌കാര്‍ നല്‍കി ആദരിച്ചു.

ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം മഹിളാ സമാജ് ട്രഷറര്‍ ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍, ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, വൈസ് പ്രസിഡന്റ് എസ്. ഷണ്‍മുഖവേല്‍ മുരുഗയ്യ, സെക്രട്ടറി എസ്്. സെല്‍വേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി. സുരുളിവേല്‍, ട്രഷറര്‍ അടൈക്കളം, കോയമ്പത്തൂര്‍ ജില്ല പ്രസിഡന്റ് എസ്. മരുതാചലം, കമ്മിറ്റി അംഗങ്ങളായ ബി. സെല്‍വകുമാര്‍, രംഗാദുരൈ, ആര്‍. പാണ്ഡ്യന്‍, എസ്. മണിവണ്ണന്‍, ജഗദീഷ്‌കുമാര്‍, ആര്‍. ബാലചന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍ ഇന്‍ഫാം കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം തൈകളാണ് സംസ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. കൂടാതെ മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിനായി രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും സൗജന്യമായി വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും. രാത്രി 7 മുതല്‍ 7.10 വരെ ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന ആഹ്വാനത്തോടെ ഇന്‍ഫാം അംഗങ്ങള്‍ വിളക്കുകള്‍ അണച്ച് പങ്കുചേരും.

error: Content is protected !!