എരുമേലി പിൽഗ്രിം സെന്റർ നവീകരണത്തിന് 1.65 കോടി അനുവദിച്ചു.
എരുമേലി : കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ എരുമേലി കൊരട്ടിയിലുള്ള ശബരിമല പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവികരണത്തിനും പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി 1.65 കോടി രൂപ ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
നാലര ഏക്കർ സ്ഥലത്ത് നിലവിൽ 5 കെട്ടിടങ്ങളും 80 ശുചിമുറി സൗകര്യങ്ങളുള്ള ടോയ്‌ലറ്റ് കോംപ്ലക്സുകളും ഉൾപ്പെടെ തീർഥാടകർക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതും ഇപ്പോൾ ഉപയോഗയോഗ്യമല്ല. കഴിഞ്ഞ വർഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റിങ്ങും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തിയാക്കാ
നാണ് ഇപ്പോൾ 1.65 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഈ തുക ഉപയോഗിച്ച് ശുചിമുറി കോംപ്ലക്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും അടച്ചു കെട്ടിയ കുളിസ്ഥലം നിർമിക്കുക യും ചെയ്യും. കൂടാതെ ഡോർമടികളുടെ നിർമാണം, സംരക്ഷണ ഭിത്തി, കിച്ചൻഹാൾ നവീകരണം, മാലിന്യ സംസ്കരണ സംവിധാനം, പുതിയ ഗേറ്റ്, പൂന്തോട്ട നിർമാണം, വയറിങ്, പ്ലംബിങ് , അറ്റകുറ്റപ്പണികൾ എന്നിവയും നടത്തും. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സിൽക്കിനെ ആണ് നിർമാണ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ശ്രമമെന്ന് എം എൽഎ പറഞ്ഞു.
