പഞ്ചായത്ത് പിഴ ചുമത്തിയതിന് എതിരായ ഹർജി തള്ളി
വാഴൂർ : ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് യൂസർഫീ നൽകാത്തതിനും മാലിന്യം വലിച്ചെറിഞ്ഞതിനും പിഴ ചുമത്തി റവന്യൂ റിക്കവറി നടപടി സ്വീകരിച്ച പഞ്ചായത്ത് നടപടിക്കെതിരായ ഹർജി അഡിമിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. ചെങ്കൽ രാമനാട്ട് നിർമൽ തോമസ് നൽകിയ ഹർജിയിലാണ് വിധി.
ഹരിത കർമസേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറാതിരിക്കുകയും യൂസർ ഫീ നൽകാതെ ഹരിതകർമസേന അംഗങ്ങളോടു മോശമായി പെരുമാറുകയും ചെയ്യുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹർജിക്കാരന്റെ വീട്ടിൽ നേരിട്ടെത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടിന്റെ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടിസ് നൽകി. ഇതിനെതിരെ ഹർജിക്കാരൻ പഞ്ചായത്ത് ഭരണ സമിതിക്ക് അപ്പീൽ നൽകിയെങ്കിലും തള്ളി, തുടർ നടപടിക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് ഹർജിക്കാരൻ ട്രൈബ്യൂണലിലെ സമീപിച്ചത്.
തന്റെ വീട്ടിൽ ഉപയോഗരഹിതമായ പ്ലാസ്റ്റിക് ഇല്ലെന്നും എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പുനരുപയോഗിക്കുന്നുണ്ടെന്നും ഹരിത കർമ സേനയ്ക്ക് യൂസർഫീ നൽകാൻ ബാധ്യസ്ഥനല്ലെന്നും ഹർജിക്കാരൻ വാദിച്ചു. ഒപ്പം മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ നടപടിക്രമം തെറ്റായതുകൊണ്ട് പരിസര മലിനീകരണത്തിന് പിഴ ചുമത്താൻ കഴിയില്ലെന്നും വാദിച്ചു. എന്നാൽ പരാതിക്കാരന്റെ അവകാശവാദങ്ങൾ 100% തെറ്റാണെന്നു പഞ്ചായത്ത് ട്രൈബ്യൂണലിൽ വാദിച്ചു ഇതോടെയാണ് പഞ്ചായത്ത് വാദം ശരിവച്ച് വിധി പ്രഖ്യാപിച്ചത്.
