KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന് കോട്ടയം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻ കിരീടം

കാഞ്ഞിരപ്പള്ളി : പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന 68-മത് കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജ് ടീം ആൺകുട്ടികളുടെ 20 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ 160 പോയിന്റ് നേടിയാണ് ചാമ്പ്യൻ കിരീടം നിലനിർത്തിയത്. 10 സ്വർണ്ണ, 6 വെള്ളി, 7 വെങ്കല മെഡലുകൾ നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്.

കോളേജിൽ നിന്നുള്ള 10 പ്രതിഭകളാണ് തിരുവനന്തപുരം വേദിയാകുന്ന സംസ്‌ഥാന ജൂനിയർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്. ജോൺ സ്റ്റീഫൻ, അർജുൻ സനീഷ്, അഞ്ചൽ ദീപ് ടി, അമൃതേഷ് മുരളി, അനിരുദ്ധ് സതീഷ്, റബീഹ് അഹമ്മദ്, ആൽഫ്രഡ് ജോജോ എന്നിവർ സ്വർണ്ണ മെഡലുകൾ നേടി. കോളേജിൽ പ്രവർത്തിച്ചുവരുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാദമിയിലാണ് ഈ കുട്ടികൾ പരിശീലനം നേടുന്നത്.

16 മത്സരാർത്ഥികളാണ് സെന്റ് ഡൊമിനിക്‌സിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. കായിക വിഭാഗം നേതൃത്വം നൽകുന്ന ഈ അക്കാദമിയിൽ അധ്യാപകരായ പ്രവീൺ തര്യൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ ജൂലിയസ് ജെ മനയാനി, ഹൈറേഞ്ച് അക്കാദമി പരിശീലകൻ സന്തോഷ് ജോർജ് എന്നിവരുടെ കീഴിലാണ് പരിശീലനം. മികച്ച പ്രകടനത്തിലൂടെ തിളക്കമുള്ള ഒരു അധ്യായം കുറിച്ച താരങ്ങളെയും അവരെ മുന്നിൽ നയിച്ച പരിശീലകരെയും കോളേജ് മാനേജ്മെന്റും പ്രിൻസിപ്പലും പി.ടി.എയും അഭിനന്ദിച്ചു.

error: Content is protected !!