KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി.

കാഞ്ഞിരപ്പള്ളി : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ നടത്തപ്പെടുന്നു. വലിയ ചരിത്രപ്രാധാനമുള്ള പഴയപള്ളി, പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള തീർത്ഥാടന കേന്ദ്രമാണ്. നൂറ്റാണ്ടു വിശ്വാസപാരമ്പര്യവും പൗരാണികസവുമുള്ള ക്രൈസ്‌തവസമൂഹമാണ് പഴയപള്ളിയുടെ വളർച്ചയിൽ ജീവശ്വാസമായി മാറിയത്. അക്കരയമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ദൈവാലയത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നവർ അനേകായിരങ്ങളാണ് എത്തുന്നത് . നാനാജാതി മതസ്ഥർ മാതാവിന്റെ അനുഗ്രഹം തേടി ഇവിടെ പ്രാർത്ഥിക്കുവാൻ എത്തിച്ചേരുന്നത് മതസൗഹാർദ്ദത്തിന്റെ മറ്റൊരു സാക്ഷ്യം കൂടിയാണ്.

തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി പന്തൽ നാട്ടുകർമ്മം വികാരിയും പ്രീസ്റ്റുമായ റവ.ഫാ കുര്യൻ താമരശ്ശേരി നിർവ്വഹിച്ചു. ആഗസ്റ്റ് 31-ാം തീയതി വൈകുന്നേരം 6 കൊടിയേറ്റ്. തുടർന്ന്, സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിൽ രാവിലെ 5 നും, 6.30 നും, 10.15 നും, 10 നും, 12 നും, ഉച്ചകഴിഞ്ഞ് 2 നും, 4.30 നും വൈകുന്നേരം 7 നും വി. കുർബാന ഉണ്ടായിരിക്കും. അഭിവന്ദ്യ പിതാക്കന്മാരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ മാത്യു അറയ്ക്കൽ എന്നിവർ തിരുനാൾ ദിവസങ്ങളിൽ വി. കുർബാന അർപ്പിച്ച് സന്ദേശം നല്‌കുന്നതാണ്. തിരുന്നാൾ ദിവസങ്ങളിൽ ജപമാല, ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുനാൾ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

തിരുനാൾ ദിവസങ്ങളിൽ പഴയപള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് നേർച്ച കാഴ്‌ചകൾ സമർപ്പിക്കുന്നതിനും, സമർപ്പണം, കുമ്പസാരം, നേർച്ചക്കഞ്ഞി വിതരണം, തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നതിനും വേണ്ട വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

5000 പേർക്ക് ഇരിക്കാവുന്ന പന്തൽ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം തിരുനാൾഏറ്റെടുത്ത് നടത്തുന്നത് മാതാക്കളാണ്. തിരുനാൾ പ്രസുദേന്തിമാരാകാൻ ആഗ്രഹിക്കുന്ന മാതാക്കൾക്ക് കത്തീഡ്രൽ പള്ളിയുടെ ഓഫീസിൽ തുക അടയ്ക്കാവുന്നതാണ്. ഫാ കുര്യൻ താമ രശ്ശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, .ഫാ. റ്റോണി മുളങ്ങാശ്ശേരിൽ, കൈകാരന്മാരായ കെ.സി ഡോമിനിക് കരിപ്പാപറമ്പിൽ, അബ്രഹാം കെ. അലക്‌സ് കൊല്ലംകുളം പി.കെ. കുരുവിള പിണമുറകിൽ, റ്റി.സി. ചാക്കോ വാവലുമാക്കൽ, തിരുനാൾ കൺവീനർ മാത്തച്ചൻ മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

error: Content is protected !!