എംഎൽഎ നിവേദനം നൽകി ; എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാനും അപ്പീലിനും നിർദേശിച്ചു ഗതാഗത മന്ത്രി.
എരുമേലി : കെഎസ്ആർടിസി എരുമേലി ഓപ്പറേറ്റിങ് സെന്റർ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റാൻ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർദേശിച്ചു. ഓപ്പറേറ്റിങ് സെന്റർ ഉൾപ്പെടുന്ന സ്ഥലവും കെട്ടിടവും ഒഴിഞ്ഞു നൽകണമെന്ന പാലാ സബ് കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്നും മന്ത്രി നിർദേശം നൽകി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നൽകിയ നിവേദനത്തെ തുടർന്നാണ് ഇത് സംബന്ധിച്ച് മന്ത്രി നിർദേശം നൽകിയത്.
സെന്ററിലെ കെട്ടിടം അപകടാവസ്ഥയിലായതിനാൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ നടത്താൻ മന്ത്രി നിർദേശം നൽകിയെന്ന് എംഎൽഎ അറിയിച്ചു. ഇതിനായി സ്റ്റാൻഡിനു സമീപമുള്ള ദേവസ്വം ബോർഡിന്റെ ബഹുനില കെട്ടിടത്തിൽ നിന്നും മൂന്ന് മുറികൾ വിട്ടുനൽകണമെന്ന് ദേവസ്വം ബോർഡിന് എംഎൽഎ കത്ത് നൽകി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
