എരുമേലിയിലെ കെഎസ്ആർടിസി സ്ഥല വിവാദം : ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കെഎസ്ആർടിസി
എരുമേലി : കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററും ബസ് സ്റ്റാൻഡും പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച കേസിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായി വന്ന പാലാ കോടതി വിധിക്ക് എതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇത് സംബന്ധിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷത യിൽ നടന്ന യോഗത്തിലാണ് കെഎസ്ആർടിസി അധികൃതർ ഈ കാര്യം വ്യക്തമാക്കിയത്. ഒപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കൂടി കക്ഷി ചേർക്കാൻ ആവശ്യപ്പെടും.
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ്. കൃഷ്ണകുമാർ, പഞ്ചായത്ത് അംഗം ഹർഷകുമാർ, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. സ്മിതൻ, കെഎസ്ആർടിസി എടിഒ കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മറ്റ് തീരുമാനങ്ങൾ :
. എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനു കെഎസ്ആർടിസി, ദേവസ്വം മന്ത്രിമാരെ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിക്കും.
. നിലവിൽ ഓപ്പറേറ്റിങ് സെന്ററായി പ്രവർത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയിലായതിനാൽ ഓഫിസും ഓപ്പറേറ്റിങ് സെന്ററും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. അതിന് അനുയോജ്യമായ സ്ഥലം കെഎസ്ആർടി സി ഉദ്യോഗസ്ഥർ കണ്ടെത്തി നൽകണം.
. ഭാവിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ഓപ്പറേറ്റിങ്സെന്ററിനും വേണ്ടി നഗരത്തിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തും .
. കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഡിപ്പോ ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
