സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു റോഡിൽ വീണു: നാട്ടുകാർ ബസ് തടഞ്ഞു.
എരുമേലി : സ്റ്റോപ്പിൽ ബസ് നിർത്തുന്നതിന് മുമ്പ് ഡോറിൽ നിന്നും വിദ്യാർത്ഥി തെറിച്ചു റോഡിലേക്ക് വീണു. സംഭവത്തിന് ശേഷം നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞതോടെ സംഘർഷം. വിദ്യാർത്ഥി തെറിച്ചു വീണത് സംബന്ധിച്ച് പോലിസ്, മോട്ടോർ വാഹന വകുപ്പുകൾ അന്വേഷണം നടത്തണമെന്ന് ആവശ്യം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5:55 ന് കടയനിക്കാട് കുട്ടിക്കാട്ടുവളവിൽ വെച്ചാണ് സംഭവം. കോട്ടയത്തു നിന്നും -മണിമല – എരുമേലി വഴി -മുണ്ടക്കയം റൂട്ടിൽ സർവീസ് നടുത്തുന്ന ഹരീശ്രീ ബസിൽ നിന്നാണ് വിദ്യാർത്ഥി തെറിച്ചു വീണത്. വീഴ്ചയിൽ വിദ്യാർത്ഥിയ്ക്ക് നിസാര പരിക്കേറ്റു.
സംഭവം അറിഞ്ഞ നാട്ടുകാർ ബസ് വഴിയിൽ തടഞ്ഞു നിർത്തി ബസ് ജീവനക്കാരുമായി വാക്കേറ്റത്തിലേക്ക് എത്തുകയും സംഘർഷമാവുകയുമായിരുന്നു. വിദ്യാർത്ഥി വീഴുന്നതിന്റെ ദൃശ്യം അടുത്തുള്ള കടയിലെ സിസി ക്യാമറയിൽ പതിഞ്ഞത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ സഹപാഠി തള്ളി ഇട്ടതാണെന്ന ആരോപണവുമായി ബസ് ജീവനക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യം ബസിന്റെ സിസി ക്യാമറയിലുള്ളത് ബസ് ജീവനക്കാർ പുറത്തു വിട്ടിട്ടുണ്ട് .
