KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സിൽ തൊഴിലിന്റെ രുചിയുള്ള “സൽക്കാരം”

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് ബി. വോക് ഡിപ്പാർട്മെന്റിന്റെയും ഇ ഡി ക്ലബ്ബിന്റെയും എച്ച് ആർ സെല്ലിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി കോളജിൽ “സൽക്കാരം” എന്ന പേരിൽ ഭക്ഷ്യമേള നടത്തപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ് മേള ഉദ്ഘാടനം ചെയ്തു. കോളജ് ക്യാമ്പസിൽ നടത്തപ്പെട്ട ഭക്ഷ്യമേള രുചിയുടെ ഉത്സവമായി മാറി. അഞ്ച് കൗണ്ടറുകളിലായി മുപ്പത് ഭക്ഷ്യ വിഭവങ്ങളാണ് കുട്ടികൾ ഒരുക്കിയത്.

കുട്ടികളിലെ സംഭരകത്വ കഴിവുകൾ വാർത്തെടുക്കുക, സംഘാടനമികവും സഹകരണവും സൃഷ്ടിപരമായ കഴിവുകളും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേള അരങ്ങേറിയത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായ 10 ദിവസത്തെ പാചക പരിശീലനമാണ് കുട്ടികൾക്കായി കോളേജിൽ നടത്തപ്പെട്ടത്. പരിശീലനം ലഭിച്ചവരിൽ പത്തു കുട്ടികൾക്ക് ഭക്ഷ്യസംരംഭകരാകാനുള്ള വ്യവസായവകുപ്പിന്റെ ലൈസൻസ് നേടിയെടുക്കുവാൻ അവസരമൊരുങ്ങി. കോളജിലെ ജീവനക്കാരും വിദ്യാർത്ഥികളും രുചി ആസ്വാദകരായപ്പോൾ വിഭവങ്ങൾ അതിവേഗം വിറ്റഴിഞ്ഞു. ബി വോക് വിഭാഗത്തിലെ ഭക്ഷണ ശാസ്ത്രത്തിൽ പരിശീലനം സിദ്ധിച്ച 60 വിദ്യാർത്ഥികളാണ് വിഭവങ്ങൾ തയ്യാറാക്കിയത്.

ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെ അജയ് ശങ്കർ വി. പിള്ളയാണ് യുവാക്കളെ പരിശീലിപ്പിച്ചത്. മിക്ക വിഭവങ്ങളും വിപണന സാധ്യതയുള്ള മികച്ച ഇനങ്ങളാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും നിരീക്ഷിച്ചു.

പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, സെൽഫ് ഫൈനാൻസ് വിഭാഗം ഡയറക്ടർ ഡോ. ജോജോ ജോർജ്ജ്, ബി വോക് വിഭാഗം മേധാവി നിത്യ കൃഷ്ണ, കോഡിനേറ്റൽ ദീപ പി ആർ, ഇ ഡി ക്ലബ് കോഡിനേറ്റർ ഡോ റാണി അൽഫോൻസ ജോസ്, എച്ച് ആർ സെൽ കോഡിനേറ്റർ പ്രതീഷ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വ്യവസായ ഓഫീസർ ഫൈസൽ കെ കെ, ബി ഡി എസ് പിമാരായ അശ്വതി, സുറുമി, അശ്വിൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!