കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരോട് നീതി കാട്ടണമെന്ന് ഇൻഫാം.
മുക്കുട്ടുതറ : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരോട് നീതി കാട്ടണമെന്ന് ഇൻഫാം എരുമേലി കാർഷിക താലുക്കിന്റെ കർഷക സെമിനാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പമ്പാവാലിയിലെ കണമലയിലും തുലാപ്പള്ളിയിലും കാട്ടുപോത്തും ആനയും കർഷകരെ കൊലപ്പെടുത്തിയ ദാരുണ സംഭവങ്ങൾ ഇനി ആവർത്തിക്കരുത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് കർഷകരാണ് എരുമേലിയുടെ കിഴക്കൻ മലയോര മേഖലയിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണം മൂലം കൃഷി നിലച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം കർഷകർ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. വിളകൾക്ക് വില കുറയുന്നത് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. കാട്ടുമൃഗങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വിലയിടിവും മൂലം പരമ്പരാഗത കർഷകർ തീരാ ദുരിതങ്ങളിലാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകരെ സഹായിച്ചാൽ മാത്രമാണ് രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക രംഗം തകർച്ചയിലേക്ക് എത്തിരിക്കുക. എന്നാൽ കർഷകർക്ക് ഗുണകരമായ നടപടികൾ ഉണ്ടാകുന്നില്ല. കൃഷിയും കർഷകരും ഇല്ലാതാകുന്ന നിലയിലേക്ക് ആണ് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇത് മാറണമെന്നും നാടിന്റെ നിലനിൽപായ കാർഷിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകണമെന്നും അതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകർക്ക് നീതിയും ആശ്വാസവുമായി മാറണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
മുക്കൂട്ടുതറ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന സെമിനാർ ജില്ലാ ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുൽതകിടിയേൽ ഉദ്ഘാടനം ചെയ്തു. എരുമേലി താലുക്ക് ഡയറക്ടർ ഫാ. രാജേഷ് കോട്ടുർ, താലുക്ക് ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ കുഴിക്കാട്ട്, ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണം, ജോസ് താഴത്തുപീടിക, റോബിൻ പുളിക്കൽ, സുസമ്മ മാത്യു, ബാബു കരിക്കുന്നേൽ, കുര്യാക്കോസ് പൂവത്തുങ്കൽ, കൃഷി ഓഫിസർ ഡോ. എ കെ അർച്ചന എന്നിവർ പ്രസംഗിച്ചു.
