പാഞ്ചജന്യം പുരസ്‌കാരം സമ്മാനിച്ചു
ചിറക്കടവ്: മഹാവിഷ്ണുക്ഷേത്രം ഏർപ്പെടുത്തിയ പാഞ്ചജന്യം പുരസ്‌കാരം നാരായണീയ പ്രചാരക ടി.എൻ.സരസ്വതിയമ്മയ്ക്ക് സമ്മാനിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവായ ചിറക്കടവ് തലക്കുറിഞ്ഞിയിൽ സരസ്വതിയമ്മ 17 വർഷമായി നാരായണീയ പ്രചാരകയാണ്.
700 നാരായണീയ യജ്ഞങ്ങൾ നടത്തി. വിവിധ നാരായണീയസമിതികൾ രൂപവത്ക്കരിച്ച് അയ്യായിരത്തിലേറെ പേരെ പാരായണം അഭ്യസിപ്പിച്ചു. ഭാഗവതം, ദേവീഭാഗവതം, പൂന്താനം കൃതികൾ, ഭഗവദ്ഗീത, വാത്മീകി രാമായണം തുടങ്ങിയവയുടെ പാരായണം, പ്രഭാഷണം എന്നിവയും നടത്തുന്നു. ഭാഗവതസപ്താഹ ആചാര്യയുമാണ്. പാരായണം ചെയ്ത് പ്രഭാഷണം നടത്തിവരുന്നു.
നാരായണീയദിനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പുരസ്‌കാരം സമ്മാനിച്ചു. മേൽശാന്തി എച്ച്.ബി.ഈശ്വരൻനമ്പൂതിരി പൂർണകുംഭം നൽകി സ്വീകരിച്ചു. ഭാഗവതാചാര്യൻ അഭിലാഷ് കീഴൂട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
