ഇൻഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം.
കൂവപ്പള്ളി : ഇൻഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം. ഇൻഫാം സ്ഥാപക ചെയർമാൻ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കബറിടത്തിങ്കൽ നിന്നാണ് ദക്ഷിണമേഖല വിളംബരജാഥക്കും ദീപശിഖ പ്രയാണത്തിനും തുടക്കമായത്.
കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്തിൽ സമൂഹബലി അർപ്പിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, വിവിധ കാര്‍ഷികജില്ലകള്‍, താലൂക്കുകള്‍ എന്നിവരെ പ്രതിനിധീകരിച്ച് 24 വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്‍കിയ ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി ജാഥാക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിന് കൈമാറി.
തുടര്‍ന്ന് സംസ്ഥാനതല ദക്ഷിണമേഖല വിളംബരജാഥ പ്രയാണം ആരംഭിച്ചു. പൊന്‍കുന്നത്ത് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെയും, പാലാ അരുണാപുരം സെന്റ് തോമസ് പള്ളി അങ്കണത്തില്‍ പാലാ കാര്‍ഷികജില്ലയുടെയും, വാഴക്കുളത്ത് കോതമംഗലം കാര്‍ഷികജില്ലയുടെയും, മുഹമ്മയില്‍ ചങ്ങനാശേരി കാര്‍ഷികജില്ലയുടെയും സ്വീകരണം നല്‍കി.
ചൊവ്വാഴ്ച രാവിലെ 10.30ന് തിരുവല്ല ബോധന ട്രെയിനിംഗ് സെന്ററില്‍ തിരുവല്ല കാര്‍ഷികജില്ലയുടെയും 12.30ന് പഴകുളത്ത് മാവേലിക്കര കാര്‍ഷികജില്ലയുടെയും സ്വീകരണങ്ങള്‍ക്കുശേഷം 5.30ന് കൊട്ടവിള സെന്റ് മേരീസ് കത്തീഡ്രലില്‍ പാറശാല കാര്‍ഷികജില്ലയുടെ സ്വീകരണത്തോടെ ദക്ഷിണമേഖല വിളംബരജാഥയ്ക്ക് സമാപനമാകും.
ഉത്തരമേഖലയുടെ സംസ്ഥാനതല വിളംബരജാഥയും ദീപശിഖ പ്രയാണവും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഫാ. ആന്റണി കൊഴുവനാലിന്റെ കബറിടത്തിങ്കല്‍ നിന്ന് ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്ണൂര്‍ കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ അലക്സ് വടക്കുംതല എന്നിവര്‍ പങ്കെടുത്തു. ജാഥ താമരശേരി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാര്‍ഷികജില്ലകളിലൂടെ തലശേരിയില്‍ സമാപിക്കും.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വിവിധ കാര്‍ഷികജില്ലകളുടെയും താലൂക്കുകളുടെയും ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

