കേസുകളിൽ വിജയം നേടാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ എത്തി വഴിപാട് നടത്തി
പൊൻകുന്നം : സ്ത്രീ പീഡന കേസുകളിൽ പെട്ട് നട്ടം തിരിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ , ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് രാഹുൽ ദർശനം നടത്തിയത്. കോടതി വ്യവഹരങ്ങളിൽപെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. ൻകുന്നം . സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തി. വഴിപാടുകൾക്കുശേഷം ജഡ്‌ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്‌ജിയമ്മാവൻ കോവിലിൽ കേസുകളിൽ പെടുന്നവർ വഴിപാട് നടത്താനെത്താറുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്.
ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ജനുവരി ആദ്യവാരം പരിഗണിക്കുന്നതിന് മാറ്റിവെച്ചത്.
ബെംഗളൂരു സ്വദേശിനിയായ മലയാളിയെ ബലാൽസംഗം ചെയ്തെതെന്ന കേസിലാണ് രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെ ആദ്യ ബലാൽസംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കാനായി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് മാറ്റിവെച്ചു. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റുചെയ്യരുതെന്ന ഇടക്കാല ഉത്തരവ് തുടരും.
