KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗവേഷണവും സംരംഭകത്വവും കൂട്ടിയിണക്കി സെന്റ് ഡൊമിനിക്സ് ; ‘ഡൊമിനിക്സ്-ന്യൂട്രാപോട്ട്’ വിപണിയിലേക്ക്

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളേജ് ഐ.പി.ആർ (IPR), ഐ.ഇ.ഡി.സി (IEDC) സെല്ലുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഇനിയും പ്രചാരത്തിലായിട്ടില്ലാത്ത പർപ്പിൾ മധുരക്കിഴങ്ങിൻ്റെ ഭക്ഷ്യ, ഔഷധ ഗുണങ്ങളെക്കുറിച്ച് പഠിച്ച് തയാറാക്കിയ ‘പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്സ്’ പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ. (ഡോ.) ജി. എം. നായർ ആദ്യ വിപണനം നിർവഹിച്ചു വിപണിയിലിറക്കി. കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കോളജ് മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി സാങ്കേതിക വിദ്യ കൈമാറ്റ രേഖകൾ ഈഡൻസ് അഗ്രോ പ്രോഡക്ട്സ് ഉടമ സാജന് കൈമാറി. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ലോഗോ പ്രകാശനം ചെയ്തു.

കോളജിലെ അധ്യാപികയായ ഡോ സ്മിത ആർ ബിയുടെ കീഴിൽ എം എസ് സി ബോട്ടണി വിദ്യാർത്ഥിനിയായ പാർവ്വതി ആർ നായർ നടത്തിയ ഗവേഷണത്തിലൂടെയാണ് പർപ്പിൾ മധുരക്കിഴങ്ങിൻ്റെ ഗുണവിശേഷങ്ങൾ മനസ്സിലാക്കിയത്.
പർപ്പിൾ മധുരക്കിഴങ്ങിലെ ഉയർന്ന ആന്തോസയാനിൻ (Anthocyanin) അളവ് ഉപയോഗപ്പെടുത്തി വികസിപ്പിച്ച ഈ ഹെൽത്ത് മിക്സ്, ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സാധാരണ മധുരക്കിഴങ്ങിനെ അപേക്ഷിച്ച് ഗ്ലൈസിമിക് ഇൻഡക്സ് കുറവായ ഈ ഉൽപന്നം പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്നതാണ്. ‘ഡൊമിനിക്സ്-ന്യൂട്രാപോട്ട്’ (Dominics-Nutrapot) എന്ന ബ്രാൻഡ് നാമത്തിൽ എത്തുന്ന ഈ ഉൽപ്പന്നത്തിന് FSSAI, Copyright അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ആസ്ഥാനമായ ‘ഈഡൻസ് അഗ്രോ പ്രോഡക്ട്സ്’ (Edens Agro Product) എന്ന കമ്പനിയുമായി സഹകരിച്ചാണ് ഉല്പന്നത്തിന്റെ നിർമ്മാണവും വിപണനവും നടത്തുന്നത്.

ആദ്യവിപണനത്തെ തുടർന്ന് ‘സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം’ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ഡോ. ദീപു കൃഷ്ണൻ പി. ആർ ക്ലാസ് നയിച്ചു. ഐഡിയ ചലഞ്ച് മത്സരവും ക്യാഷ് പ്രൈസ് വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു.

ചടങ്ങിൽ ​ഐ.ഇ.ഡി.സി കോർഡിനേറ്റർ ഡോ. റാണി അൽഫോൻസ ജോസ് സ്വാഗതവും ബോട്ടണി വിഭാഗം അദ്ധ്യാപിക അനിറ്റാ ജോയി നന്ദിയും പറഞ്ഞു. ഡോ. ആർ. ബി. സ്മിത, ബർസാർ റവ. ഡോ. മനോജ് ജോസഫ് പാലക്കുടി, ഐ.ക്യു.എ.സി (IQAC) കോർഡിനേറ്റർ ഡോ. അനൂപ് ടോം തോമസ്, ബോട്ടണി വിഭാഗം മേധാവി ഡോ. സാലിക്കുട്ടി തോമസ് എന്നിവർ ആശംസകൾ നേർന്നു.

error: Content is protected !!