KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്ഡിപിഐ വോട്ട് ചെയ്‌തതിനെത്തുടർന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം സ്ഥാനം രാജിവച്ചു. എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടയെന്ന രാഷ്ട്രീയ നിലപാടാണ് രാജിക്ക് കാരണം.

പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ട് ചെയ്‌തതിനെത്തുടർന്ന് വിജയിയായി പ്രഖ്യാപിക്കപ്പെട്ട, എൽഡിഎഫ് അംഗം സ്ഥാനം രാജിവച്ചു. സിപിഐ അംഗമായ സരിത പ്രസാദാണ് സ്ഥാനം രാജിവച്ചത്. വനിതാ സംവരണമായിരുന്നു അധ്യക്ഷ സ്ഥാനം. എസ്ഡിപിഐ അംഗമായ സുമിന അലിയാരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. അഞ്ച് അംഗങ്ങളുള്ള സമിതിയിൽ മൂന്ന് വോട്ടുകൾ നേടി യുഡിഎഫിലെ മേഴ്‌സി പ്രഭാകറിനെയാണ് തോൽപിച്ചത്. അഞ്ച് അംഗ സമിതിയിൽ, രണ്ടുപേർ മാത്രമായിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. എസ്ഡിപിഐ അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ സരിത പ്രസാദിന് അഞ്ചിൽ മൂന്ന് വോട്ടുകൾ ലഭിക്കുകയും, അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയുമാണ് ഉണ്ടായത്. ഇതോടെയാണ് സരിത പ്രസാദ് രാജി വച്ചത്.

യുഡിഎഫിന്റെ മേഴ്സി പ്രഭാകരൻ, സൈമ സഹീർ, എൽഡിഎഫിന്റെ സരിത പ്രസാദ്, മാർട്ടിൻ തോമസ് എന്നിവരും എസ്‌ഡിപിഐയിലെ സുമിന അലിയാരുമാണ് കമ്മിറ്റിയിലുള്ളത്. യുഡിഎഫ്- രണ്ട്, എൽഡിഎഫ്-രണ്ട്, എസ്‌ഡിപിഐ – ഒന്ന് എന്നിങ്ങനെയാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റി. ഇതോടെ എസ്‌ഡിപിഐ യുടെ വോട്ട് നിർണായകമായി.

നേരത്തേ എൽഡിഎഫിന്റെ പിന്തുണയോടെ എസ്‌ഡിപിഐ അംഗം സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു. എൽഡിഎഫ് അംഗങ്ങളായ കേരള കോൺഗ്രസ്-എമ്മി ലെ ഡയസ് കോക്കാട്ട്, അബ്ദുൾ അസീസ്, വിൻസൺ മാത്യു എന്നിവർ വോട്ട് ചെയ്തതോടെയാണ് സുമിന അലിയാർ ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റിയിൽ എത്തിയത്.

സരിത പ്രസാദ് രാജിവച്ചതോടെ വീണ്ടും ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തും. രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച് വരണാധികാരിക്ക് റിപ്പോർട്ട് ചെയ്യണം.

എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടയെന്ന രാഷ്ട്രീയനിലപാടാണ് സ്ഥാനം രാജിവെക്കാനുള്ള കാരണമെന്ന് സരിത പ്രസാദ് പറഞ്ഞു. എന്നാൽ, സ്ഥിരം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫിന്റെ പിന്തുണയോടെയാണന്നും അതിനാൽ വ്യക്തിപരമായിട്ടാണ് എൽഡിഎഫിനെ പിന്തുണച്ചതെന്നും എസ്‌ഡിപിഐ അംഗം സുമിന അലിയാർ പറഞ്ഞു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായി സിപിഎമ്മിലെ വിഭന്യ വിജയനും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായി കേരള കോൺഗ്രസ് എമ്മിലെ അബ്ദുൾ അസീസും തിരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. എൽഡിഎഫ്-10, യുഡിഎഫ്-എട്ട്, എസ്‌ഡി പിഐ- രണ്ട്, എൻഡിഎ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

error: Content is protected !!