അപസ്മാര രോഗിയുമായി പാഞ്ഞെത്തിയ കെഎസ്ആർടിസി ബസ് കാഞ്ഞിരപ്പള്ളി ആശുപത്രി കവാടത്തിൽ കുടുങ്ങി
കാഞ്ഞിരപ്പള്ളി : അപസ്മാര രോഗിയുമായെത്തിയ കെഎസ്ആർടി സി ബസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കവാടത്തിന് മുമ്പിൽ കുടുങ്ങി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ ബസിന്റെ പിൻഭാഗം റോഡിൽമുട്ടി നീങ്ങാൻ പറ്റാത്ത സ്ഥിതിയായി.
ബസിലെ യാത്രക്കാരനായ കുമളി സ്വദേശി പുതുപറമ്പിൽ പ്രസാദിന് (52) കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോളാണ് അപസ്മാരമുണ്ടായത്. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി ദേശീയപാതയിൽ നിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിച്ചപ്പോഴാണ് ബസ് കുടുങ്ങിയത്. തുടർന്ന് മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ രോഗിയെ എത്തിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ആയിരുന്നു സംഭവം. കുമളിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആർടിസി ഡ്രൈവർ സതീഷ്, കണ്ടക്ടർ ജയപ്രകാശ് എന്നിവരാണ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവന്നത്. ബസ് കുടുങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയെത്തിയാണ് പിന്നിട് വാഹനം ഇവിടെനിന്ന് മാറ്റിയത്. കഴിഞ്ഞവർഷം അഗ്നിരക്ഷാസേനയുടെ ബസും ഇവിടെ കുടുങ്ങിയിരുന്നു. ദേശീയപാതയിൽനിന്ന് ആശു പത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗം അശാസ്ത്രീയമായിട്ടാണ് നിർമിച്ചിരിക്കുന്നതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. വലിയ വാഹനങ്ങൾക്ക് തിരിഞ്ഞ് കയറാൻ കഴി യില്ല. റോഡ് പൊളിച്ച് എല്ലാ വാഹനങ്ങൾക്കും കയറാൻ കഴിയുന്ന രീതിയിൽ പുനർ നിർമിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
