വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു ..കൊലപാതകത്തിന് പിന്നിൽ പണവും അവിഹിത ബന്ധങ്ങളും..
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി കുളപ്പുറത്ത് വനിതാ സുഹൃത്തിനെ കഴുത്തറത്തു കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹതകൾ നീങ്ങുന്നു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളും അവിഹിത ബന്ധങ്ങളുമാണ് കാരണമെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുളപ്പുറത്ത്, സ്വന്തം വീട്ടിൽ വിധവയായ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും, സുഹൃത്തായ യുവാവ് സ്റ്റെയർകെയ്സിൽ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കട്ടപ്പന നെടുംകണ്ടം കല്ലാർഭാഗം തുരുത്തിയിൽ ഷേർളി മാത്യു (45), കോട്ടയം ആലുംമൂട് കുരുട്ട്പറമ്പിൽ ജോബ് സക്കറിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
അഞ്ചുവർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി പിണങ്ങി വേർപിരിഞ്ഞു കഴിഞ്ഞ ഷേർളി മാത്യു, ജോബ് സക്കറിയയുമായി ഏറെ അടുപ്പത്തിൽ ആവുകയും, മൂന്ന് മാസങ്ങളായി ഇരുവരും ഒരുമിച്ച് (ലിവിംഗ് ടുഗതർ ) കുളപ്പുറത്തെ വീട്ടിൽ താമസിച്ച് വരികയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷേർളിയുടെ ഭർത്താവ് ഒരു വർഷത്തിന് മുൻപ് രോഗബാധിതനായി മരണപ്പെട്ടിരുന്നു . ഷേർളിക്ക് രണ്ടു മക്കൾ, മകൻ കട്ടപ്പന ഭാഗത്ത് താമസിക്കുന്നു. മകൾ വിദേശത്ത് ജോലി ചെയ്യുന്നു. ജോബ് സക്കറിയ 10 വർഷം മുമ്പ് വിവാഹമോചനം നേടിയ ആളാണെന്ന് പറയപ്പെടുന്നു.
കുളപ്പുറത്തെ വീട്ടിൽ കഴിഞ്ഞ എട്ട് മാസങ്ങളായി ജോബ് പതിവായി വരാറുണ്ടായിരുന്നു. ജോബ്, സ്വന്തം സഹോദരൻ ആണെന്നാണ് ഷേർലി അയൽവാസികളോടു പറഞ്ഞിരുന്നത്. ഭർത്താവ് വിദേശത്താണെന്നും പറഞ്ഞിരുന്നു . ജോബില്‍ നിന്നും 36 ലക്ഷം രൂപ പലതവണയായി ഷേർളി വാങ്ങിയിരുന്നു. കുളപ്പുറത്ത് ഒരു വർഷം മുൻപ് സ്‌ഥലം വാങ്ങിയ ഇവർ എട്ട് മാസം മുൻപാണ് വീട് വച്ച് താമസം ആരംഭിച്ചത്. ഷേർളിയുടെ പുതിയ വീടിന്റെ നിർമ്മാണത്തിൽ ജോബ് വലിയ തോതിൽ പണം ചെലവഴിച്ചിരുന്നു. വീടിന്റെ നിർമ്മാണത്തിൽ കോൺട്രാക്ടറുമായുള്ള ഇടപാടുകൾ ജോബ് ആയിരുന്നു സെറ്റിൽ ചെയ്തിരുന്നത്. ഷേർളിക്ക് ഒപ്പം തനിക്കു കൂടി അവകാശപ്പെട്ട വീടെന്ന നിലയിലായിരുന്നു ജോബ് പണം മുടക്കിയിരുന്നത് .
ജോബ് അറിയാതെ, രഹസ്യമായി ഷേർളിക്ക് മറ്റ് രണ്ടുപേരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. അത് ജോബ് അറിഞ്ഞതോടെ അവർ തമ്മിൽ പ്രശ്നങ്ങളായി . തന്നെ ഒഴിവാക്കുവാൻ ഷേർലി ശ്രമിക്കുന്നവെന്ന ധാരണയിൽ, താൻ നൽകിയ പണം തിരികെ തരണം എന്ന് ജോബ് ആവശ്യപ്പെട്ടു . ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ചൊല്ലി ഒന്നരമാസം മുൻപ് തർക്കങ്ങൾ ആരംഭിച്ചിരുന്നതായും അടുത്ത ദിവസങ്ങളായി ഇരുവരും പൊലീസിൽ പരാതി നൽകിയതായും പറയുന്നു. ഷേർലി ജോബിനെതിരെ, തന്നെ ഉപദ്രവിക്കുന്നതായി പോലീസിൽ പരാതി നൽകി. പോലീസ് ജോബിനെ വിളിച്ചു താക്കീത് നൽകി. തന്റെ കൈയിൽ നിന്നും ഷേർലി വാങ്ങിയ 36 ലക്ഷം രൂപ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് ജോബും പോലീസിൽ പരാതി നൽകി . പോലീസ് ഇരുവരോടും കൗൺസിലിംഗ് നടത്തി, പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടു .
ജോബും, ഷേർളിയുടെ 22 വയസുള്ള മകനുമായി അടുത്ത ബന്ധമുണ്ടായിരുന്നു . ഒരാഴ്ച മുമ്പ് മാനസികാസാസ്ഥ്യം അനുഭവപ്പെട്ട ഷേർളിയെ ജോബും, ഷേർളിയുടെ മകനും കൂടി എറണാകുളത്തെ ആശുപത്രിയിൽ ബലമായി കൊണ്ടുപോവുകയും അവിടെവെച്ച് ജോബുമായി ഷേർളി വീണ്ടും തെറ്റിപ്പിരിയുകയും ചെയ്തിരുന്നു . സംഭവം നടന്നതിന്റെ തലേദിവസം ജോബും, ഷേർളിയുടെ മകനും കുളപ്പുറത്തുള്ള വീട്ടിൽ താമസിച്ചിരുന്നു. സംഭവം നടന്ന ഞായറാഴ്ച, ആശുപത്രിയിൽ നിന്നും ഷേർളിയെ ഡിസ്ചാർജ് ചെയ്തു തിരികെ കൊണ്ടുവരുവാൻ ഇരുവരും ഒരുമിച്ചാണ് വീട്ടിൽ നിന്നും പോയത് എന്നാണ് അറിയുന്നത്. എന്നാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ, ഷേർലി ജോബിന്റെ ഒപ്പം തിരികെ വീട്ടിലേക്ക് പോകുവാൻ വിസമ്മതിച്ചു . തുടർന്ന് ജോബും, ഷേർളിയുടെ മകനും ഷേർളിയെ കൂട്ടാതെ , തിരികെ കുളപ്പുറത്തുള്ള വീട്ടിലെത്തി . എന്നാൽ കുറെ സമയത്തിന് ശേഷം, ഷേർളിയുടെ മകൻ , താൻ തിരികെ തന്റെ കട്ടപ്പനയിലെ വീട്ടിലേക്കു പോവുകയാണെന്ന് പറഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ ജോബ് , ഷേർളിയെ കണ്ട് പ്രശ്നങ്ങൾ പറഞ്ഞുതീർക്കണം എന്ന് പറഞ്ഞു വീട്ടിൽ തങ്ങി.
ഷേർലി തനിയെ തിരികെ വീട്ടിലെത്തിയപ്പോൾ, ജോബിനെ വീട്ടിൽ കണ്ട് പരിഭ്രമിക്കുകയും , ജോബുമായി വീണ്ടും കശപിശ ഉണ്ടാവുകയും, ജോബ് ഷേർളിയെ ഉപദ്രവിക്കുകയും ചെയ്തു . ഈ സംഭവം ഷേർലി, തന്റെ അടുത്ത പുരുഷ സുഹൃത്തിനെ ഫോണിൽ വിളിച്ചു പറഞ്ഞു. ഈ സുഹൃത്തും , ജോബും തമ്മിൽ, മുൻപ് ഷേർളിയുടെ പേരിൽ , വാഗ്‌വാദവും കയ്യാങ്കളിയും ഉണ്ടായിട്ടുണ്ട് .
ഷേർളിയുമായി അടുത്ത് പരിചയമുള്ള ഈ സുഹൃത്ത്, കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി, ഷേർളിയെ കുറെ സമയം കഴിഞ്ഞു തിരികെ വിളിച്ചപ്പോൾ , ഷേർലിയുടെ ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും അറ്റൻഡ് ചെയ്തിരുന്നില്ല. അതോടെ അപകടം മനസ്സിലാക്കിയ അയാൾ, പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു . പൊലീസ് വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷേർലി ബെഡ് റൂമിൽ കഴുത്തു അറുത്ത നിലയിലും, ജോബ് സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
ഷേർളിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം പൊൻകുന്നം ശാന്തിതീരം പൊതു ശ്മാശനത്തിൽ സംസ്കരിച്ചു. ജോബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോട്ടയത്തെ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ചു.
ഷേർളിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർച്ചയേറിയ കത്തി സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിരുന്നു. പോലീസ് നായയെ വീട്ടിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ, ജോബ് തന്നെയാണ് കൊലപാതകി എന്ന് തെളിഞ്ഞിരുന്നു. മറ്റാരുടെയെങ്കിലും സാന്നിധ്യം വീട്ടിൽ കണ്ടെത്തുവാനായില്ല.
ഫോറൻസിക് പരിശോധനകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും കെമിക്കൽ റിപ്പോർട്ടുകളും എല്ലാം പരിശോധിച്ചതിനുശേഷം കേസിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു . ഷേർളിയുടെ സുഹൃത്തുക്കളുടെയും , ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.
