ദൗത്യം പൂർത്തിയാക്കി പ്രൊഫസർ സീമോൻ തോമസ് സെന്റ് ഡൊമിനിക്‌സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനം ഒഴിഞ്ഞു; പുതിയ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ബിനോ പി. ജോസ്.
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പാളായി അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രൊഫ. സീമോൻ തോമസ് മുൻപ് പഠിപ്പിച്ചിരുന്ന പാലാ സെന്റ് തോമസ് കോളജിലെ പ്രൊഫസ്സറായി മടങ്ങിപ്പോകുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ കോളജിനെ ഒരു നാക് അക്രഡിറ്റേഷനിൽ നയിച്ച് A പ്ലസ് നിലവാരത്തിലേക്ക് ഉയർത്താനും കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ വിജയകരമായി സംഘടിപ്പിക്കാനും പ്രിൻസിപ്പലെന്ന നിലയിൽ പ്രൊഫ. സീമോൻ തോമസിന് സാധിച്ചുവെന്ന് യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കോളജ് രക്ഷാധികാരി മാർ ജോസ് പുളിക്കൽ പറഞ്ഞു.
മികച്ച ഗവേഷകനും ഗവേഷക മാർഗ്ഗദർശിയുമായ പ്രൊഫ. സീമോൻ തോമസ് സെന്റ് ഡൊമിനിക്സിന് പുതിയ ദിശാബോധം നൽകുകയും മാനവിക മുഖത്തോടെ കോളജിനെ നയിക്കുകയും ചെയ്തുവെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്ന മാനേജർ റവ. ഡോ. കുര്യൻ താമരശ്ശേരി പറഞ്ഞു. ഗവേഷണ രംഗത്തും ഗവേഷണഫലങ്ങൾ വ്യാവസായിക-ഉൽപാദന രംഗത്തേക്ക് എത്തിക്കുന്നതിലും കേരളത്തിൽ പുതിയ മാതൃക തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ബർസാർ റവ.ഡോ. മനോജ് ജെ. പാലക്കുടി, അദ്ധ്യാപക പ്രതിനിധി ഡോ. ബിനോ പി ജോസ്, സെൽഫ് ഫിനാൻസ് വിഭാഗം ഡയറക്ടർ ഡോ. ജോജോ ജോർജ്ജ്, പി.റ്റി.എ. സെക്രട്ടറി റാണി ജോസ്, ഓഫീസ് സൂപ്രണ്ട് ജെസ്ന ജോസ്, കോളേജ് യൂണിയൻ ചെയർമാൻ സാബിർ അലി എന്നിവർ പ്രസംഗിച്ചു.
സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി കോളജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോ പി. ജോസ് നിയമിതനായി. സേവനകാലാവധി പൂർത്തിയായ പ്രിൻസിപ്പൽ പ്രൊഫ. സീമോൻ തോമസ്, പാലാ സെന്റ് തോമസ് കോളജിലേക്ക് മടങ്ങിയതിനെ തുടർന്നാണ് ഡോ. ബിനോ പി. ജോസ് പ്രിൻസിപ്പാൾ ഇൻ ചാർജ് ആകുന്നത് . ഇതേ കോളജിൽ നിന്ന് റാങ്കോടെ ബിരുദവും ഡൽഹി ജെ. എൻ. യു.-വിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 3 പുസ്തകങ്ങളും 19 ഗവേഷണലേഖനങ്ങളും നിരവധി ഇതര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പാഠപുസ്തകസമിതിയംഗം, അധ്യാപകപരിശീലകൻ, വിദഗ്ദ്ധസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയാണ്.
മുണ്ടക്കയം പെരുന്തോട്ടത്തിൽ പരേതനായ പി. ജെ. ജോസിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ ഷീനാമോൾ ഇ. വി. (ടീച്ചർ, സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ആനക്കല്ല്). മക്കൾ: സുകൃത, ബോധി, നളന്ദ.
