കാഞ്ഞിരപ്പള്ളി ആനക്കല്ല് വില്ലണിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 2500 കോഴികളെ നശിപ്പിക്കും..
കാഞ്ഞിരപ്പള്ളി : ആനക്കല്ല് വില്ലണിയിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൂവായിരത്തോളം കോഴികളാണ് ഫാമിലുണ്ടായിരുന്നത്. നിലവിൽ 2500 കോഴികളാണ് ഫാമിലുള്ളത്. കോഴികൾ കൂട്ടത്തോടെ ചത്തു വീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച കോഴികൾക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടേക്കറിലാണ് ഫാം സ്ഥിതിചെയ്യുന്നത്. കളക്ടറേറ്റിൽ നടന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ രോഗം ബാധിച്ച കോഴികളെ നശിപ്പിക്കാൻ തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ കോഴികളെ നശിപ്പിക്കുന്ന നടപടികൾ തുടങ്ങുമെന്ന് വെറ്ററിനറി ഉദ്യോഗസ്ഥർ അറിയിച്ചു.
ഫാമിനോട് ചേർന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിലെ 33 കോഴികളെയും തിടനാട് ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിലെ വീടുകളിൽ വളർത്തുന്ന 19 കോഴികളെയും നശിപ്പിക്കുമെന്ന് ജില്ലാ വെറ്ററിനറി ഓഫീസർ മനോജ് കുമാർ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഫാമിൽ ഒരു ജീവനക്കാരാൻ മാത്രമാണുള്ളതെന്നും ഫാമിൽനിന്ന് മാറിയാണ് വീടുകളുള്ളതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രതിരോധമരുന്നകളടക്കം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
