KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സംരക്ഷണഭിത്തി തകർന്ന റോഡ് അപകടഭീഷണിയായി.

എരുമേലി ബസ് സ്റ്റാൻഡിന് സമീപത്തു കൂടി നേർച്ചപ്പാറയിലേക്ക് പോകുന്ന റോഡാണ് അപകട ഭീഷണി ഉയർത്തുന്നത്

എരുമേലി: സംരക്ഷണഭിത്തി തകർന്ന് അടിത്തറ ഇളകിയ റോഡ് അപകട ഭീഷണിയാകുന്നു. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുകൂടി നേർച്ചപ്പാറയിലേക്ക് പോകുന്ന കുത്ത്കയറ്റമുള്ള റോഡാണ് അപകട ഭീഷണിയാകുന്നത്. കാലങ്ങളായി സംരക്ഷണഭിത്തി തകർന്ന നിലയിലാണ്
റോഡ്. നിലവിൽ റോഡിന്റെ കോൺക്രീറ്റിനടിയിലെ മണ്ണ് ഇളകിമാറി പൊള്ളയാകുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഭാരം കയറ്റിയതടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

വീതി കുറഞ്ഞ റോഡിന്റെ ഒരു ഭാഗം വലിയ കുഴിയാണ്. സംരക്ഷണം ഒരുക്കാത്ത ഈ ഭാഗം കാടുമൂടി കിടക്കുകയുമാണ്. എതിർ വശത്തുകൂടി മറ്റൊരു വാഹനം വന്നാൽ അരികിലേക്ക് ഒതുക്കാൻ പോലും ഭയമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെടാതെ തലനാരിഴക്കാണ്  പലപ്പോഴും രക്ഷപ്പെടുന്നത്.

ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന നൂറുകണക്കിന് വിദ്യാർഥികളും ഈ റോഡിലൂടെ നടന്നാണ് സ്‌കൂളിലേക്ക് പോകുന്നത്. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റോഡിൽ സംരക്ഷണമൊരുക്കാത്തത് പ്രതിഷേധത്തിനും കാരണമായി.

വർഷങ്ങളായി അപകടഭീഷ ണി ഉയർത്തുന്ന റോഡിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി അധികാരികളെ പലതവണ സമീപിച്ചിട്ടുണ്ടങ്കിലും തീരുമാനമായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, റോഡിന്റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതടക്കം തുക അനുവദിച്ചിട്ടുള്ളതായി പഞ്ചായത്ത് അധികൃതർ പറയുന്നു.

error: Content is protected !!