KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടയിലൂടെ മാലിന്യമൊഴുക്ക് :കർശന നടപടിയുമായി മുണ്ടക്കയം പഞ്ചായത്ത്

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം ടൗണിലെ കൂട്ടിക്കൽ റോഡ് ജങ്ഷനിൽ ഓട അടഞ്ഞ് മലിനജലം പൊതുനിരത്തിലൂടെ ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി ഗ്രാമപഞ്ചായത്ത് രംഗത്ത്. മഴക്കാലപൂർവ ശുചീകരണ യോഗത്തിന് പിന്നാലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം പ്രദേശം നേരിട്ട് സന്ദർശിച്ചാണ് അടിയന്തര നടപടികൾക്ക് നിർദേശം നൽകിയത്.

മേഖലയിലെ ലോഡ്ജുകളിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും പുറന്തള്ളുന്ന മലിനജലമാണ് ഓട കവിഞ്ഞ് ദേശീയ പാതയിലേക്ക് ഒഴുകിയത്. ഓടയിലെ സ്ലാബുകൾ മാറിയ ഭാഗങ്ങളിൽ മലിനജലം തളംകെട്ടി നിന്ന് കൊതുകുകൾ പെരുകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതിനുപുറമേ, കൂട്ടിക്കൽ റോഡ് വശത്തെ ഓടകൾക്ക് സ്ലാബുകൾ ഇല്ലാത്തത് കാൽനടക്കാർക്കും മറ്റും വലിയ അപകടഭീഷണിയാണ് ഉയർത്തിയിരുന്നത്. നിരവധി പേർ ഈ ഓടകളിൽ വീണ് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് നീക്കം ചെയ്യാനും പാതയോരത്തെ ഓടകളുടെ സ്ലാബുകൾ പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അടുത്ത ദിവസം തന്നെ പ്രത്യേക യോഗം ചേരുമെ ന്ന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ജിരാജ് അറിയിച്ചു.

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഓട വൃത്തിയാക്കുന്നത് ഉൾപ്പെടെ നടത്തുമെന്ന് പി.ഡബ്ല്യു. ഡി.എ ഉദ്യോഗസ്ഥൻ ഇ. വിഷ്ണു പ്രസാദ് അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ജില്ല പഞ്ചായ ത്ത് അംഗം അഡ്വ. ജിരാജ്, ബ്ലോക്ക്പഞ്ചായത്ത്അംഗം, സിനിമോ ൾ തടത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. സാബു, പൊന്നമ്മ ടീച്ചർ, ജെയിസ്, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, പി.ഡബ്ല്യു.ഡി എഇ. വിഷ്ണു പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രദേശം സന്ദർശിച്ചത്.

error: Content is protected !!