KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട് കൃഷിയിൽ നിന്ന് സുരക്ഷിത ഭക്ഷണത്തിലേക്ക്

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഫുഡ് ടെക്നോളജി വിഭാഗം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മാർട്ട് കൃഷിയിൽ നിന്ന് സുരക്ഷിത ഭക്ഷണത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയ കൃഷി, ഭക്ഷ്യസംസ്കരണം, ഭക്ഷ്യസുരക്ഷ, കൃത്രിമബുദ്ധി, നൂതന സാങ്കേതികവിദ്യ എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു.

സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് നിർണായകമാണെന്നും ഗവേഷണ മനോഭാവവും നവീന ആശയങ്ങളും വളർത്തിയെടുക്കുന്നതിലൂടെ വിദ്യാർഥികൾ സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നും ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.

റാഡ്ടാർ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോയിസ് മാത്യു കാർഷികരംഗത്ത് കൃത്രിമബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ചു. സെൻസർ അധിഷ്ഠിത കൃഷി, ഡ്രോണുകളുടെ പ്രയോജനം, കാലാവസ്ഥാ പ്രവചനങ്ങൾ, കൃത്യതാ കൃഷി, ജല-വള നിയന്ത്രണം, വിളകളുടെ ആരോഗ്യനിരീക്ഷണം, വിളവെടുപ്പിനുശേഷമുള്ള ഗുണനിലവാര പരിശോധന, ഭക്ഷ്യശൃംഖലയിലെ സുതാര്യത ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ നൂതന സാങ്കേതികവിദ്യകളുടെ പ്രായോഗിക ഉപയോഗങ്ങൾ അദ്ദേഹം പരിപാടിയിൽ വിശദീകരിച്ചു. ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും ഈ സാങ്കേതികവിദ്യകൾ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫുഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. സണ്ണിച്ചൻ വി. ജോർജ്, പ്രൊഫ. എമെറിറ്റസ് ഡോ. ജിപ്പു ജേക്കബ്, അസോ.പ്രൊഫസർ ഡോ. അനൂപ് രാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരും ഗവേഷകരും വിദ്യാർഥികളും പങ്കെടുത്ത പരിപാടിയിൽ സ്മാർട്ട് കൃഷി, ഭക്ഷ്യസുരക്ഷ, കാർഷിക സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് സജീവമായ ചർച്ചയും ചോദ്യോത്തരവേളയും നടന്നു. കൃഷിയെയും ഭക്ഷ്യസാങ്കേതികവിദ്യയെയും സമന്വയിപ്പിക്കുന്ന നവീന സമീപനങ്ങളിലൂടെ സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യവ്യവസ്ഥ സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.ഫുഡ് ടെക്നോളജി അസോസിയേഷന്റെ കോർഡിനേറ്ററായ ഡോ. നിക്കി ജോൺ, വിദ്യാർഥി കോർഡിനേറ്റർമാരായ അക്ഷയ്, സഞ്ജന എന്നിവർ പരിപാടികൾ നേതൃത്വം നൽകി.

ഫോട്ടോ വിവരണം :
അമൽ ജ്യോതി എൻഞ്ചിനിയറിങ്ങ് കോളേജ് ഫുഡ്‌ ടെക്നോളജി വിഭാഗം അസോസിയേഷൻ, പ്രിൻസിപ്പൽ ഡോ. ലിലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ഇടത്ത് നിന്ന് ഡോ. സണ്ണിച്ചൻ വി. ജോർജ്, പ്രൊഫ. എമെറിറ്റസ് ജിപ്പു ജേക്കബ്, ശ്രീ ജോയ്‌സ് മാത്യു, ഡോ. നിക്കി ജോൺ എന്നിവർ സമീപം.

error: Content is protected !!