ചെറുവള്ളിയിൽ ദളിത് വയോധികന് നേരെ നടന്ന ആക്രമണം: 6 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ആയി; കേൾവിക്കും ഗുരുതര തകരാർ; SC/ST Act പ്രകാരം നടപടിക്ക് ITD-യുടെ ഇടപെടൽ
ചെറുവള്ളി: വഴിതടഞ്ഞുനിർത്തി കമ്പിവടി കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും, ചെവിയുടെ പിന്നിൽ അടിയേറ്റ് കേൾവിക്കുറവ് സംഭവിക്കുകയും ചെയ്ത ദളിത് വയോധികൻ 6 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കാഞ്ഞിരപ്പള്ളി ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ചെറുവള്ളി പടിഞ്ഞാറെടത്ത് വീട്ടിൽ ബാബു P.R (55)-യ്ക്കാണ് (തെക്കേത്തുകവല P.O, ചെറുവള്ളി) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ 02/08/2026-ന് രാത്രി 09:30-ഓടെ ചെറുവള്ളിയിലെ സ്വന്തം വീടിന് സമീപമുള്ള റോഡിൽ വെച്ചാണ് അയൽവാസികളായ പ്രവീൺ കുമാർ (കയംപ്ലാക്കൽ വീട്, ചെറുവള്ളി), ഇയാളുടെ പിതാവ് എന്നിവർ ചേർന്ന് ബാബുവിനെ അക്രമിച്ചത്. പ്രതികളുടെ പുരയിടത്തിലെ കയ്യാലയിലെ കല്ലുകൾ ഇളക്കി മാറ്റി എന്ന് ആരോപിച്ച് പൂർവ്വവൈരാഗ്യത്തോടെയായിരുന്നു അക്രമം. 1-ാം പ്രതി പ്രവീൺ കുമാർ കമ്പിവടി കൊണ്ട് കാൽ തുടകളിലും തോളുകളിലും അടിച്ച് പരിക്കേൽപ്പിക്കുകയും, 2-ാം പ്രതി ചെവിയുടെ പിന്നിൽ ശക്തിയായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിന് കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ട്.
സംഭവത്തിൽ മണിമല പോലീസ് എഫ്.ഐ.ആർ (Crime No. 0788/2026) രജിസ്റ്റർ ചെയ്തെങ്കിലും, ബാബു നൽകിയ മൊഴിയിലുള്ള ജാതി അധിക്ഷേപവും ചെവിക്കേറ്റ ഗുരുതര പരിക്കും ഒഴിവാക്കി സാധാരണ ബി.എൻ.എസ് (BNS) വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള (SC/ST Act) ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്താതെ മണിമല എസ്.ഐ (SI) കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് കുടുംബം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി (ITD) ഓഫീസിൽ പരാതി നൽകിയത്.
തുടർന്ന് കാഞ്ഞിരപ്പള്ളി ITD ഓഫീസ് വിഷയം ഏറ്റെടുക്കുകയും, കേസിൽ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരമുള്ള (SC/ST Act) വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസർക്കും (വൈക്കം ITDP ഓഫീസ്) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനും (DySP, Kanjirappally) ഔദ്യോഗികമായി പരാതി അയക്കുകയും ചെയ്തു.
ITD ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് കേസിന്റെ അന്വേഷണം കാഞ്ഞിരപ്പള്ളി DySP ഏറ്റെടുക്കുമെന്നും, എഫ്.ഐ.ആറിൽ SC/ST (POA) Act പ്രകാരമുള്ള വകുപ്പുകൾ കൂട്ടിച്ചേർക്കുമെന്നും അധികാരികൾ ഉറപ്പുനൽകിയിട്ടുണ്ട്. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന ബാബുവിന് നടക്കാനോ സ്വാഭാവിക ജോലി ചെയ്യാനോ ഇനിയും സാധ്യമല്ല. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
