സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
മുണ്ടക്കയം: വട്ടക്കാവ് പ്ലാക്കത്തടത്തിൽ സ്വകാര്യ ബസ് ചെറിയ തിട്ടയ്ക്ക് താഴേക്ക് മറിഞ്ഞ് അപകടം. ശനിയാഴ്ച രാവിലെ ആദ്യ സർവീസിനായി, പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നും, നിരത്തിലിറക്കിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസ് ഡ്രൈവർക്ക് പരുക്കേറ്റു. സെൽഫ് സ്റ്റാർട്ടർ ഇല്ലായിരുന്ന ബസ്, റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ ബ്രേക്ക് നഷ്ടപ്പെട്ടതാണ് വാഹനം നിയന്ത്രണം വിട്ട് മറിയാൻ ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.
അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്. സർവീസ് ആരംഭിക്കുന്നതിന് മുൻപായതിനാൽ യാത്രക്കാർ ആരും തന്നെ വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഇത് വൻ ദുരന്തം ഒഴിവാക്കി. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
