KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെച്ചൂച്ചിറയിൽ ശശിധരൻപിള്ളയുടെ നന്മമരം പൂത്തു .. നിത്യയ്ക്കും കുടുബത്തിനും ലഭിച്ചത് പുതുപുത്തൻ സുരക്ഷിത സുന്ദര ഭവനം

വെച്ചൂച്ചിറ : കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി ഗുജറാത്തിലെ ബറോഡയിൽ പ്രവാസിജീവിതം നയിക്കുന്ന, വെച്ചൂച്ചിറ നവോദയ മേലേതിൽ ശശിധരൻ പിള്ളയെന്ന ജീവകാരുണ്യ സന്നദ്ധ പ്രവർത്തകൻ, ലാഭേച്ഛയില്ലാതെ ചെയ്യുന്ന പുണ്യപ്രവർത്തനങ്ങൾ, ഏവർക്കും മാതൃകയാണ്. സഹായ അഭ്യർത്ഥനയുമായി അദ്ദേഹത്തെ ആര് സമീപിച്ചാലും , അതിനെപ്പറ്റി നേരിട്ട് അന്വേഷിച്ച് , അത് സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ പൂർണ സഹായവുമായി ഒപ്പമുണ്ടാകും എന്നത് ഉറപ്പാണ് . അത്തരത്തിൽ വെച്ചൂച്ചിറയിലെ നിത്യയ്ക്കും കുടുംബത്തിനും സുരക്ഷിതവും സുന്ദരവുമായ പുതുപുത്തൻ ഭവനം ഒരുക്കി കൈമാറാൻ ഒരുങ്ങുകയാണ് ശശിധരൻ പിള്ളയും ഭാര്യ ഉഷയും.

കഴിഞ്ഞ 10 വർഷമായി പൊളിഞ്ഞു വീഴാറായ വീട്ടിലാണ് വെച്ചൂച്ചിറ അമ്പാട്ട് നിത്യയും ഭർത്താവ് ഷിബുവും മകളും കഴിഞ്ഞുവന്നത്. മഴക്കാലമായാൽ അസ്ബസ്റ്റോസ് ഷീറ്റ് ചോർന്നൊലിച്ച് വീടീനുള്ളിൽ വെള്ളം നിറയും. കൂലിപ്പണ്ണിക്കാരനായ ഭർത്താവ് ഷിബുവിന് വല്ലപ്പോഴും ലഭിക്കുന്ന ജോലിയും നിത്യയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ചെറിയ തുകയും മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാനം. ഏക മകളെ നഴ്സിങ്ങിന് പഠിക്കാൻ അയച്ചതോടെ സ്വന്തമായി വീട് നിർമിക്കുക എന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിലും പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയിലും വീട് ലഭിക്കുന്നതിനായി അപേക്ഷിച്ചത്. കഴിഞ്ഞ 7 വർഷമായി വീടിനുള്ള അപേക്ഷയുമായി പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും ഗ്രാമസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടും നടന്നില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി നിത്യയുടെ അപേക്ഷകൾ തള്ളിക്കളഞ്ഞു.

ഇതോടെയാണ് സഹായത്തിനായി സേവാഭാരതി വെച്ചൂച്ചിറ യൂണിറ്റിനെ സമീപിച്ചത്. സേവാഭാരതി പ്രവർത്തകരാണ് ഗുജറാത്തിലെ ബറോഡയിൽ ബിസിനസ് ചെയ്യുന്ന സന്നദ്ധ പ്രവർത്തകനായ വെച്ചൂച്ചിറ, നവോദയ, മേലേതിൽ ശശിധരൻ പിള്ളയെ ബന്ധപ്പെട്ട് നിത്യയുടെ കുടുംബത്തിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയത്. ശശിധരൻ പിളളയും ഭാര്യ ഉഷയും നേരിട്ട് എത്തി ഇവരുടെ വീടും പരിസരവും സാഹചര്യവും ബോധ്യപ്പെട്ട ശേഷം സ്വന്തം നിലയിൽ ഈ കുടുംബത്തിനു വീട് നിർമിച്ച് നൽകുവാൻ സന്നദ്ധത അറിയിച്ചു. കരാറുകാരനായ വെള്ളാപ്പള്ളി വേണുവിനു വീടിന്റെ നിർമാണ കരാർ ജോലികളും നൽകി. നിലവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞ ശേഷം ഈ സ്ഥലത്ത് ആറ് മാസം കൊണ്ട് മനോഹരമായ പുതിയ വീട് നിർമിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്ന വീടാണ് പൂർത്തിയാക്കി നിത്യയ്ക്കും കുടുംബത്തിനും കൈമാറുന്നത്. സെപ്റ്റംബർ അഞ്ചിന് (5.9.26–ശനി) രാവിലെ 11 ന് പുതിയ വീടിന്റെ ഗൃഹപ്രവേശവും താക്കോൽ കൈമാറ്റവും ശശിധരൻ പിള്ള നിർവഹിക്കും.

error: Content is protected !!