സുസ്മീരയുടെ സത്യസന്ധതയ്ക്ക് എരുമേലിയുടെ ആദരം.
എരുമേലി : ബാങ്കിന്റെ പടിക്കെട്ടിൽ കിടന്ന പൊതിയിലെ നോട്ടുകൾ കണ്ടപ്പോൾ സുസ്മീരയുടെ കണ്ണ് മഞ്ഞളിച്ചില്ല, പകരം മനസിൽ മിന്നിമറഞ്ഞത് പണം നഷ്‌ടപ്പെട്ടയാളുടെ സങ്കടം മാത്രം. ഉടനെ ബാങ്കിൽ അത് ഏൽപ്പിച്ചു. ബാങ്ക് അധികൃതർ ഉടമയെ കണ്ടെത്തി തുക കൈമാറിയതിനൊപ്പം പൊന്നാട ചാർത്തി സുസ്മീരയെ ആദരിച്ചു.
എരുമേലി സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. കഴിഞ്ഞ ദിവസം പണം പിൻവലിച്ചു മടങ്ങിയ ആളിന്റെ പണമടങ്ങിയ പൊതിയാണ്
നഷ്‌ടപ്പെട്ടത്. ആരും ശ്രദ്ധിക്കാതെ അലക്ഷ്യമായി കിടന്ന കടലാസ് പൊതി ബാങ്കിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന എരുമേലി സ്വദേശിനിയും ജീവകാരുണ്യ പ്രവർത്തകയുമായ സുസ്മീരയാണ് ശ്രദ്ധിച്ചത്. ബാങ്കിൽ വന്ന ആരുടെയോ പണം നഷ്‌ടപ്പെട്ടതാകും എന്ന് കരുതി ബാങ്കിൽ ഉടനെ ഏൽപ്പിക്കുകയായിരുന്നു. സുസ്മീരയെ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ സഖറിയ ഡോമിനിക് ചെമ്പകത്തുങ്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജീവനക്കാർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു.
