എൽ നിനോ പ്രതിരോധത്തിന് ഏഴ് ഇന പദ്ധതികളുമായി ഇൻഫാം
കാഞ്ഞിരപ്പള്ളി: എല്‍ നിനോ പ്രതിരോധത്തിന് സംഘടനാംഗങ്ങളായ കർഷകർക്ക് ഏഴ് ഇന പദ്ധതികൾ പ്രഖ്യാപിച്ച് ഇൻഫാം ജില്ലാ അസംബ്ലി.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായി വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മൺസൂൺ മഴയിലെ വ്യതിയാനം, ഭക്ഷ്യക്ഷാമം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് സംഘടനാംഗങ്ങളായ കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതതെന്ന്് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഗാര്‍ഹിക കമ്പോസ്റ്റ് നിര്‍മാണം, ജീവാണു വളങ്ങളുടെയും ജൈവ വളങ്ങളുടെയും വിതരണം, ഭക്ഷ്യ ക്ഷാമം നേരിടുന്നതിന് പത്തായം നിറയ്ക്കല്‍ പദ്ധതി, അടുക്കളത്തോട്ടം പദ്ധതിയോടൊപ്പം മൂന്നു സെന്റില്‍ ഏത്തവാഴ കൃഷി, ഊഷ്മാവ് ലഘൂകരണത്തിനും മണ്ണിന്റെ ഈര്‍പ്പ സംരക്ഷണത്തിനുമായി തണല്‍ ക്രമീകരണ പദ്ധതി, ബയോഗ്യാസ് പ്ലാന്റുകളുടെ പുനരുജ്ജീവനം, കൃഷിയിടങ്ങളിലെ ജല സ്രോതസുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയാണ് നടപ്പാക്കുന്നത്.
ഈ പദ്ധതികളുടെ ഏകോപനം കാര്‍ഷിക മേഖലാ സമിതികളുടെയും, നടത്തിപ്പ് കാര്‍ഷിക താലൂക്കു സമതികളുടെയും ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥാ വ്യതിയാനങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി കര്‍ഷകര്‍ക്ക് പ്രാദേശിക തലത്തിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് കൃഷിവകുപ്പ്, കാലാവസ്ഥാ വിദഗ്ധര്‍, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ എന്നിവയുടെ ഏകോപനം ശക്തമാക്കണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു.
കാലാവസ്ഥാ പ്രതിസന്ധിയുടെ മുഴുവന്‍ ഭാരവും കര്‍ഷകരുടെ ചുമലില്‍ മാത്രം ഏല്‍പ്പിക്കാതെ ജലസംരക്ഷണം, കാലാവസ്ഥാ സൗഹൃദ കൃഷി, വിള വൈവിധ്യവല്‍ക്കരണം, വിള ഇന്‍ഷുറന്‍സ്, ശാസ്ത്രീയ ഉപദേശം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ കര്‍ഷക സംരക്ഷണ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കണമെന്നും ഇന്‍ഫാം ആവശ്യപ്പെട്ടു.
