കാഞ്ഞിരപ്പള്ളിയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന വാർത്തയിൽ പരിഭ്രമം വേണ്ട.. സംഭവം
പോലീസിന്റെ മോക്ഡ്രിൽ..
കാഞ്ഞിരപ്പള്ളി ∙ പൊലീസിന്റെ മോക്ഡ്രില്ലിൽ നാട്ടുകാർ മുൾമുനയിൽ നിന്നത് മണിക്കൂറുകൾ. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം ലഭിച്ചാൽ ജില്ലയിലെ പൊലീസ് എങ്ങനെ ഉണർന്നു പ്രവർത്തിക്കുമെന്നു വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് രഹസ്യമായ നടത്തിയ മോക്ഡ്രിൽ ആണു ജനങ്ങളെ ആശങ്കയിലാക്കിയത്.
മോക്ഡ്രിൽ ഇങ്ങനെ
രാവിലെ പത്തുമണിയോടെ പൊലീസിന്റെ ക്രൈം സ്റ്റോപ്പറിൽ നിന്നു വയർലെസ് വഴി സന്ദേശം എത്തുന്നു. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു പരിസരത്തു നിന്ന് 6 വയസ്സുകാരനെ ആരോ തട്ടിക്കൊണ്ടു പോയി. ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്സാക്ഷി ഫോണിൽ നൽകിയ വിവരം അനുസരിച്ചു കെഎൽ 05 എന്നു തുടങ്ങുന്ന നമ്പറിലുള്ള വെള്ളക്കാറിലാണു കുട്ടിയെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു തട്ടിക്കൊണ്ടുപോയത്.
സന്ദേശം കേട്ടയുടൻ പൊലീസ് നാലുപാടേക്കും ചിതറി. കാഞ്ഞിരപ്പള്ളി , പൊൻകുന്നം, മുണ്ടക്കയം, മണിമല, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് പാഞ്ഞു. റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. കാറിന്റെ ഡിക്കിയിലും ലോറിയുടെ മുകളിലും ടാങ്കറിനുള്ളിലും വരെ തപ്പി. പ്രദേശത്തെ സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ സ്കൂൾ അധികൃതരോ ആരും പരാതിയുമായി ഒരു പൊലീസ് സ്റ്റേഷനിലും എത്തിയില്ല. സംഭവം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിൽ പൊലീസെത്തി അന്വേഷിച്ചു. അവിടെ നിന്ന് ഒരു കുട്ടിയെ പോലും കാണാതായിട്ടില്ലെന്നു സ്കൂൾ അധികൃതർ അറിയിക്കുന്നു. ഇതോടെ പൊലീസിലെ ചിലർക്കൊക്കെ സംശയം ഉണർന്നു. ക്രൈം സ്റ്റോപ്പറിലേക്ക് എത്തിയ ഫോൺസന്ദേശം വ്യാജമായിരിക്കാം, അതുമല്ലെങ്കിൽ മോക്ഡ്രില്.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരിൽ പലർക്കും മനസ്സിലായി ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യമായ പ്രതികരണങ്ങളില്ല. അന്വേഷിക്കൂ എന്നായിരുന്നു മറുപടി.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീണ്ടും വയർലെസ് വഴി പൊലീസിനു മറ്റൊരു സന്ദേശം ലഭിക്കുന്നു. കുട്ടിയെ തൊടുപുഴയിൽ നിന്നു കണ്ടെത്തി. അന്വേഷണം അവസാനിപ്പിക്കാം. പൊലീസ് നെടുവീർപ്പിട്ടു. കുറച്ചുസമയത്തിനു ശേഷം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നു മറ്റൊരു അറിയിപ്പും എത്തി. സംഭവം മോക്ഡ്രില്ലായിരുന്നു.
സംഭവം മോക്ഡ്രില്ലാണെങ്കിലും മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിന്ന നാട്ടുകാർക്കു പരിഭവവും രോഷവും ഉയർന്നു. ചിലർ പരാതിയുമായി പൊലീസ് സ്റ്റേഷന്റെ പടിവരെ എത്തി. എകെജെഎം സ്കൂൾ അധികൃതരും വല്ലാതെ വലഞ്ഞു. കുട്ടികൾക്ക് ക്ലാസ് ഇല്ലാതിരുന്ന ദിവസമായിരുന്നെങ്കിലും സ്കൂളിലേക്കു ഫോൺ കോളുകളുടെ പ്രവാഹമായി. ഒടുവിൽ സ്കൂളിലെ എല്ലാ എൽപി വിദ്യാർഥികളുടെയും വീടുകളിൽ വിളിച്ച് അന്വേഷിച്ചാണു സ്കൂൾ അധികൃതരും ആശ്വാസത്തിലായത്.