ജനവാസകേന്ദ്രങ്ങളെ ഇ.എസ്.എ യില് നിന്നും ഒഴിവാക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.
കുട്ടിക്കൽ :കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടുവിജ്ഞാപനത്തിൽ പരിധിയിൽ പെടുത്തിയ ജനവാസ കേന്ദ്രങ്ങളെയും, കൃഷിസ്ഥലങ്ങളെയും പൂർണ്ണമായി ഒഴിവാക്കണമെന്ന് മുൻ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. കുട്ടിക്കൽ വില്ലേജിനെ പരിസ്ഥിതിലോല മേഖല കരടു വിജ്ഞാപനത്തിനെതിരെ കേരളാ കോണ്ഗ്രസ്സ് (എം) കൂട്ടിക്കൽ ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടിക്കൽ പോലെ വലിയ വികസന സാദ്ധ്യതയുള്ളതും, ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കുന്നതും, സാന്ദ്രതയേറിയതുമായ പ്രദേശങ്ങളെ ഇ എസ് എ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അങ്ങയറ്റം പ്രതിഷേധാർഹമാണ്. ഈ വിഷയത്തിന്റെ ഗൌരവം കണക്കിലെടുക്കാതെ സംസ്ഥാന സര്ക്കാരും, ജനപ്രതിനിധികളും കുറ്റകരമായ അലംഭാവം കാണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ആരോപണങ്ങളും പരാതികളും നല്‌കുന്നതിനുള്ള സമയപരിധി അവസാനിക്കാറായിട്ടും ജനങ്ങൾക്ക് ബോധ്യമാകുന്ന യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കേരളാ കോൺഗ്രസ് (എം) കുട്ടിക്കൽ മണ്ഡലം പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അദ്ധ്യക്ഷനായി. കേരളാ കോണ്ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി ജോർജ്ജുകുട്ടി ആഗസ്‌തി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സാജൻ കുന്നത്ത്, പി.സി സൈമൺ , കെ.എസ് മോഹനൻ , ജെസ്സി ജോസ്, വി.വി സോമൻ , തോമസ് കട്ടയ്ക്കൽ, ചാർളി കോശി, രാജു കുന്നുംപുറം, പയസ് വാലുമ്മേൽ , സെബാസ്റ്റ്യൻ കയ്യൂന്നുപാറ, ബേബി കോന്തിയാമഠം, ജോയി കളരിക്കൽ , സജി തടവനാൽ , ടോമി വെള്ളാത്തോട്ടം, ബിനു മുഞ്ഞനാട്ട്, ജിജോ മാടപ്പള്ളിൽ , സാബു ഫിലിപ്പ് എന്നിവർ സംസാരിച്ചു.
