KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജലസ്രോതസുകളിലടക്കം ശുചിമുറി മാലിന്യം തള്ളി സമൂഹിക വിരുദ്ധര്‍.

പാറത്തോട്: ഇടക്കുന്നത്തും വെളിച്ചിയാനിയിലും ജലസ്രോതസുകളിലടക്കം ശുചിമുറി മാലിന്യം തള്ളി സമൂഹിക വിരുദ്ധര്‍.
ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് പാറത്തോട് പള്ളിപ്പടി – കട്ടൂപ്പാറ റോഡിനോട് ചേര്‍ന്ന് കൈത്തോട്ടിലേയ്ക്ക് ശുചിമുറിമാലിന്യം ഒഴുക്കിയത്.

കലുങ്കിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ഇടക്കുന്നം തോടിന്റെ കൈത്തോട്ടിലേയ്ക്ക് അര്‍ധരാത്രിയോടെ വാഹനത്തിലെത്തിച്ച മാലിന്യം തള്ളിയത്. നിരവധി കുടുംബങ്ങള്‍ ഇതിന് സമീപത്തായി തന്നെ താമസിക്കുന്നുണ്ട്. മാലിന്യം ഒഴുക്കിയതിന്റെ തൊട്ട് താഴെയായി ഇടക്കുന്നംതോട്ടില്‍ നൂറിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയും സ്ഥിതി ചെയ്യുന്നുണ്ട്. മാലിന്യം നിക്ഷേപിച്ചതു വഴി ഈ ജലവും മലിനപ്പെടുമെന്ന ആശങ്കയിലാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗാന്ധിജയന്തി ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ ചേർന്ന് ഇവിടം വൃത്തിയാക്കിയിരുന്നു.

ദേശീയപാത 183-ല്‍ പാതയോരത്താണ് വെളിച്ചിയാനിയില്‍ മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം പ്രദേശത്തേക്ക് അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാര്‍ അറിയിച്ചതോടെ പഞ്ചായത്ത് അധികൃതരും , പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

error: Content is protected !!