കിണറ്റിൽ വീണ ഒന്നര വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ഷാജഹാന് അഭിനന്ദന പ്രവാഹം.

എരുമേലി : വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരനായ കുഞ്ഞിന്റെ ജീവൻ സാഹസികമായി രക്ഷിച്ച അയൽവാസിയും തെങ്ങുകയറ്റ തൊഴിലാളിയുമായ പി. കെ.ഷാജഹാന് അഭിനന്ദന പ്രവാഹം. കുഞ്ഞ് ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്.
സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു ഒരു കുഞ്ഞ് ജീവൻ രക്ഷിച്ചതിലൂടെ നാട്ടുകാരുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ഷാജഹാൻ.
കഴിഞ്ഞ ദിവസം എരുമേലി തുമരംപാറയിലാണ് കാവുങ്കൽ ജെയിംസ് – ജോസ്മി ദമ്പതികളുടെ ഒന്നര വയസുള്ള ഇളയ മകൻ എയ്ദൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ പത്ത് അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇത് കണ്ട് അമ്മ നിലവിളിച്ച ശബ്ദം കേട്ട് തൊട്ടടുത്ത പറമ്പിൽ കൃഷിപ്പണിയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി ഷാജഹാൻ ഓടിയെത്തി കിണറിൽ ഇറങ്ങി കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ അനക്കമില്ലാത്ത അവസ്ഥയിലാരുന്നു. ഉടനെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പ്രഥമ ശുശ്രൂഷ നൽകുമ്പോഴും കുഞ്ഞിന് ജീവന്റെ നേരിയ തുടിപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത് . എത്രയും വേഗം പീഡിയാട്രിക് ഡോക്ടറുടെ അടുക്കൽ എത്തിക്കാൻ ഡോക്ടർ നിർദേശം നൽകിയതോടെ ആംബുലൻസിൽ ഓക്സിജൻ നൽകി കുഞ്ഞിനേയും കൊണ്ട് പരമാവധി വേഗത്തിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചു അടിയന്തിര ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ കുഞ്ഞ് ആരോഗ്യവാനായി.
കുഞ്ഞിനെ കിണറ്റിൽ നിന്നും സാഹസികമായി പുറത്തെടുത്ത ഷാജഹാനെ എരുമേലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബിനോയ് ഇലവുങ്കൽ കോൺഗ്രസ് നേതാക്കളായ ഷാനവാസ്, ജോയി, പ്രസന്നൻ, സുരേന്ദ്രൻ എന്നിവർക്കൊപ്പം വീട്ടിൽ എത്തി പൊന്നാട ചാർത്തി ആദരിച്ചു.
