ശ്രദ്ധ പദ്ധതി – ഡാറ്റാ വിൽപ്പന ആരോപിക്കുന്നവർക്ക് ഗൂഢലക്ഷ്യം കേരള കോൺഗ്രസ് (എം ).
പൊൻകുന്നം :- ചിറക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ തന്റെ വാർഡിൽ നടപ്പിലാക്കിയ ശ്രദ്ധ സമഗ്ര ആരോഗ്യ പരിപാലന പരിപാടിക്കെതിരെ ബിജെപി രംഗത്ത് വന്നതിന് പിന്നിൽ ഗൂഡലക്ഷ്യം ഉണ്ടെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. തങ്ങളുടെ രാഷ്ട്രീയത്തിനും താൽപര്യത്തിനും വഴങ്ങാത്തവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന പരമ്പരാഗത തന്ത്രമാണ് ഏഴാം വാർഡിൽ ബിജെപി അനുവർത്തിക്കുന്നത്. ശ്രദ്ധ പദ്ധതി ചർച്ചയ്ക്ക് വന്ന പഞ്ചായത്ത് സബ് കമ്മിറ്റിയിൽ ബിജെപി മെമ്പർമാർ അനുകൂലമായി ഒപ്പുവയ്ക്കുകയും പുറത്തു വന്ന് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന കപടത ജനങ്ങൾ തിരിച്ചറിയും.
രാജ്യത്തെ നിലവിലെ നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന എൻജിഒയുടെ ഫണ്ട് ഉപയോഗിച്ച് വാർഡിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനുമുള്ള പദ്ധതികൾ കൊണ്ടുവരുവാൻ പഞ്ചായത്ത് മെമ്പർക്ക് അവകാശമുണ്ട്. ജനപ്രതിനിധിയുടെ കടമ നിർവഹിക്കുവാൻ അനുവദിക്കില്ല എന്ന ജനാധിപത്യവിരുദ്ധ നിലപാട് ബിജെപി തിരുത്തണമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഡാറ്റാ വിൽപ്പനയ്ക്ക് വേണ്ടിയാണ് ശ്രദ്ധ പദ്ധതി ആവിഷ്കരിച്ചത് എന്ന ബിജെപിയുടെ ആരോപണം തികച്ചും ബാലിശമാണ്. സമഗ്ര ജീവിത പുരോഗതി ഉറപ്പുവരുത്തുന്ന ശ്രദ്ധ പോലുള്ള പരിപാടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും എന്ന് നേതാക്കൾ അറിയിച്ചു. കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡണ്ട് ഷാജി നല്ലേ പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. അഡ്വ സുമേഷ് ആൻഡ്രൂസ് , ശ്രീകാന്ത് എസ് ബാബു, മോളിക്കുട്ടി തോമസ് രാഹുൽ ബി. പിള്ള, റിച്ചു സുരേഷ്, അബ്ദുൾ റഹ്മാൻ, റോയ് പന്തിരുവേലി, മോൻസി ഈറ്റത്തോട്ട് എന്നിവർ പ്രസംഗിച്ചു
