ടൂറിസം വികസനത്തിന് വിനോദസഞ്ചാരവകുപ്പിന്റെ സഹായം തേടി എലിക്കുളം പഞ്ചായത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

എലിക്കുളം : കാർഷിക വിനോദസഞ്ചാരമേഖലയിൽ എലിക്കുളം പഞ്ചായത്ത് കൂടുതൽ പദ്ധതികളുമായി ഒരുങ്ങുന്നു. ടൂറിസം മേഖലയിൽ സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ സഹായം തേടി നിവേദനം നൽകി. തദ്ദേശമന്ത്രി കെ.എം.ഷാജിയെ പഞ്ചായത്ത് അധികൃതർ സന്ദർശിച്ച് നിവേദനവും രൂപരേഖയും കൈമാറി.
പഞ്ചായത്ത് ഫാം ടൂറിസത്തിൽ ഇതുവരെ നടപ്പാക്കിയ കാര്യങ്ങൾ മന്ത്രിയുടെ മുൻപിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി കുഴിക്കാട്ടുതാഴെ എന്നിവർ വിശദീകരിച്ചു. പൊന്നൊഴുകുംതോട് നവീകരണവും തീരങ്ങളിലെ കാർഷിക വിനോദസഞ്ചാരപദ്ധതികളും പഞ്ചായത്ത് തുടക്കമിട്ടവയാണ്. പാറക്കുളങ്ങൾ നവീകരിച്ച് മത്സ്യക്കൃഷി, ബോട്ടിങ് എന്നിവയും പ്രാവർത്തികമാക്കാൻ പദ്ധതിയുണ്ട്.
ഡ്രാഗൺഫ്രൂട്ട്, റമ്പൂട്ടാൻ, കാപ്പുകയം പാടശേഖരം, എലിക്കുളം റൈസ്, രക്തശാലി നെൽക്കൃഷി തുടങ്ങി വിവിധ പദ്ധതികളിലൂടെ കൃഷിയിട വിപണനസാധ്യതകളും നടപ്പാക്കി വരുന്നുണ്ട്. എലിക്കുളം കൃഷിഭവന്റെ സഹകരണത്തോടെ വിവിധ പഴവർഗവിളകൾ വ്യാപകമായി കൃഷി ചെയ്യുന്നവരുണ്ട്. ഇവയുടെ വിളവെടുപ്പുകാലം കർഷകർക്ക് കുറഞ്ഞ വില ലഭിക്കുന്നതിനാൽ, മാസങ്ങളോളം പഴങ്ങൾ കേടുകൂടാതെ സംഭരിക്കുന്നതിന് ശീതീകരണ സംവിധാനം ഏർപ്പെടുത്തണം. ടൂറിസം, കൃഷി വകുപ്പുകളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാവുമെന്ന പ്രതീക്ഷ പഞ്ചായത്തധികൃതർ പങ്കുവെച്ചു.
