KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം ജില്ലാ സ്‌കൂൾ കായികമേളയിൽ മത്സരാർഥികളുടെ പ്രായത്തെച്ചൊല്ലി വിവാദം, പ്രതിഷേധം.

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ സ്‌കൂൾ കായികമേളയിൽ ചില അന്യ സംസ്ഥാന മത്സരാർഥികളുടെ പ്രായത്തെച്ചൊല്ലി വിവാദം, പ്രതിഷേധം. കോരുത്തോട് സി.കെ.എം. എച്ച്എസ്എസിലെ മത്സരാർത്ഥിയായ ഉത്തർപ്രദേശ് സ്വദേശിയായ വിഷ്ണു യാദവിനെതിരെയായിരുന്നു പരാതി. പ്രായം തെളിയിക്കുവാൻ സമർപ്പിച്ച രേഖകൾ വ്യജമാണെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത് . മത്സരത്തിൽ പങ്കെടുക്കുവാൻ വേണ്ടി മാത്രം പുറത്തുനിന്നും കൊണ്ടുവന്ന കുട്ടിയാണ് വിഷ്ണു യാദവ് എന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രായം കുറഞ്ഞ കുട്ടികൾക്കൊപ്പം മത്സരിച്ചു വളരെ ഈസിയായി ജയിച്ചു ഇത്തരം കുട്ടികൾ സമ്മാനങ്ങൾ നേടുകയാണെന്നും, അതിനാൽ മറ്റുകുട്ടികൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ അർത്ഥമില്ലെന്നും അവർ പറയുന്നു . ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർക്ക് കുട്ടികൾ പരാതി നൽകി.

ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ മത്സരിക്കാൻ ഈ വിദ്യാർഥിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വിവിധ സ്കൂളുകളിൽ നിന്നെത്തിയ അൻപതിലധികം താരങ്ങൾ 100 മീറ്റർ ഓട്ടത്തിന്റെ ഫൈനലിനിടെ ട്രാക്കിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. കായികമേള നടക്കുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു നാടകീയ സംഭവങ്ങൾ.

ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മറ്റു മത്സരങ്ങൾ നടത്താൻ ധാരണയായി. ദേശീയ സ്‌കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം ഉത്തർപ്രദേശിനായി സ്വർണം നേടിയ താരമാണ് വിഷ്ണു യാദവ്. ജനന സർട്ടിഫിക്കറ്റ്, ടിസി, യുപി ബോർഡ് എക്സ‌ാം തുടങ്ങിയ രേഖകളിലെല്ലാം പ്രായം രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തമായാണെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള തുല്യതാ സർട്ടി ഫിക്കറ്റ് താരത്തിനുണ്ടെന്നും മത്സരത്തിൽനിന്നു മാറ്റാനാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതരും കോരുത്തോട് സ്കൂ‌ളിൽ നിന്നുള്ള അധ്യാപകരും പറഞ്ഞു. രേഖകൾ വ്യാജമാണെന്ന പരാതിയുണ്ടെങ്കിൽ അത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അതിവിടെ പരിശോധിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധച്ചൂട് കുറഞ്ഞത്. പിന്നാലെ മത്സരത്തിനിറങ്ങിയ വിഷ്ണു യാദവ് കോട്ടയം എം ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ ബി.എ.ആദിത്യയെ ഫോട്ടോഫിനിഷിൽ പിന്നിലാക്കി സ്വർണം നേടി.

error: Content is protected !!