KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനധികൃത പന്നിഫാം പൂട്ടിച്ചു ; നിയമപ്രകാരമല്ല നടപടിയെന്ന് ഫാമുടമ.

എലിക്കുളം: പഞ്ചായത്ത് എട്ടാം വാർഡിൽ കഴിഞ്ഞ നാലു മാസത്തിലേറെയായി അനധികൃതമായി നടത്തിവന്നിരുന്ന പന്നിഫാം പോലീസ് സംരക്ഷണയിൽ പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. വെറ്റിനറി ഡോക്ടർമാർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് പന്നികളെ ഫാമിൽ നിന്നും പിടിച്ചു വാഹനത്തിൽ കയറ്റിയത്. പിടിച്ചെടുത്ത പന്നികളെ കൂത്താട്ടുകുളത്തുള്ളഎം പി ഐ യുടെ ഫാമിലേക്കാണ് മാറ്റിയത്. പരിസരവാസികളായ നാട്ടുകാർ ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്ക് നൽകിയ നിവേദനങ്ങളുടെയും പ്രക്ഷോഭങ്ങളെയും തുടർന്ന് പഞ്ചായത്ത് നൽകിയ നിരവധി നോട്ടീസുകളും സ്റ്റോപ്പ് മെമ്മോയും ഹൈക്കോടതി ഇടപെടലുകളും അവഗണിച്ച് പന്നിഫാം തുടർന്നും പ്രവർത്തിപ്പിച്ചതു മൂലമാണ് പഞ്ചായത്ത് പിടിച്ചെടുക്കൽ നടപടിയിലേക്ക് കടന്നത്. പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്,അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസി, ജീവനക്കാരായ അഷറഫ്, ബിജോയ് മാത്യു,അനീഷ് യു വെറ്റിനറി ഡോക്ടർ രമ്യ, പൊൻകുന്നം പോലീസ് സബ് ഇൻസ്‌പെക്ടർ നജീബ് തുടങ്ങിയവർ പിടിച്ചെടുക്കലിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വാർഡ് മെമ്പർ സൂര്യാ മോൾ,സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ മാരായ ജോഷി കെ ആന്റണി ആൻസി ജെയിംസ്,മെമ്പർ വി. ഐ അബ്ദുൽ കരീം തുടങ്ങിയവരും നിരവധി പരിസരവാസികളും സന്നിഹിതരായിരുന്നു.

അഞ്ച് പന്നികളെയും അവയുടെ കുഞ്ഞുങ്ങളെയും വളർത്താൻ തടസ്സമില്ലെന്നിരിക്കേ മൂന്ന് പന്നികളെയും അവയുടെ കുഞ്ഞുങ്ങളെയും പിടിച്ചെടുത്ത നടപടി നിയമപ്രകാരമല്ലെന്ന് ഫാമുടമ പറഞ്ഞു. പരാതികളുള്ളതിനാൽ കൂടുതൽ പന്നികളുണ്ടായിരുന്നത് ഒഴിവാക്കി. മലിനീകരണ നിയന്ത്രണബോർഡിന്റെ എൻ.ഒ.സി.കിട്ടിയതിന് ശേഷം ലൈസൻസ് അനുവദിക്കാമെന്നാണ് പഞ്ചായത്ത് അറിയിച്ചിരുന്നത്. എന്നാൽ എൻ.ഒ.സി.ഹാജരാക്കിയതിന് ശേഷവും പഞ്ചായത്ത് നടപടിയെടുത്തത് നീതീകരിക്കാനാവില്ലെന്ന് ഉടമ പറയുന്നു. 200 മീറ്റർ ചുറ്റളവിൽ വീടുകളുണ്ടാവരുതെന്ന നിബന്ധന പാലിച്ചെന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാലിന്യനിർമാർജന പ്ലാന്റുണ്ടാക്കിയെന്നും പറയുന്നു. പരാതിക്കാർ ഫാമിൽ നിന്ന് ഒരു കിലോമീറ്റർ അകലെ താമസിക്കുന്നവരാണെന്നതിനാൽ മറ്റ് ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

error: Content is protected !!