KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കാനന പാതയിൽ മുഴുവൻ സമയവും സഞ്ചരിക്കാൻ സൗകര്യം ഒരുക്കുമെന്ന് എം.എൽ.എ. എം ജെ സെബാസ്റ്റ്യൻ

എരുമേലി : എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനന പാത മുഴുവൻ സമയവും (24 മണിക്കൂർ) തുറക്കുമെന്ന് സുപ്രധാന പ്രഖ്യാപനവുമായി പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യൻ. കോടതി എതിർപ്പ് ഇല്ലെങ്കിൽ ആണ് ഇത് ചെയ്യാൻ സാധിക്കുക എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പരമ്പരാഗത കാനന പാതയിൽ മുഴുവൻ സമയവും ശബരിമല തീർത്ഥാടകർക്ക് സഞ്ചരിക്കാൻ അനുമതിയില്ലന്നിരിക്കെ ആണ് ഈ പ്രഖ്യാപനം. എരുമേലിയിൽ നടന്ന ശബരിമല സീസൺ മുന്നൊരുക്ക യോഗത്തിൽ ആണ് എംഎൽഎ പ്രഖ്യാപനം നടത്തിയത്. പാത മുഴുവൻ സമയവും തുറന്നു നൽകാമെന്ന് വനം വകുപ്പ് റേഞ്ച് ഓഫിസർ പറഞ്ഞെന്നും ഇക്കാര്യം വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചെന്നും കോടതി ഏർപ്പെടുത്തിയ തടസങ്ങൾ എന്താണെന്ന് അറിയില്ലന്നും ഇത് കൂടി ഇനി പരിശോധിക്കണമെന്നും എംഎൽഎ പറഞ്ഞു. കോടതിയുടെ നിയമപരമായ തടസങ്ങൾ ഇല്ലങ്കിൽ മുഴുവൻ സമയവും എരുമേലി വഴിയുള്ള ശബരിമല പരമ്പരാഗത കാനന പാത തുറക്കാൻ പ്രയാസം ഉണ്ടാകില്ലന്ന് എംഎൽഎ പറഞ്ഞു.

സ്വന്തം അഭിപ്രായം ആയിരിക്കാം റേഞ്ച് ഓഫിസർ പൂഞ്ഞാർ എംഎൽഎ യോട് പറഞ്ഞതെന്ന് കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫിസ് അധികൃതർ പറയുന്നു. അയ്യപ്പ ഭക്തരുടെ സുരക്ഷ മുൻനിർത്തി കോടതി നിർദേശപ്രകാരം ആണ് സമയ നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രിയിൽ വെളിച്ചം ഇല്ല. വനം ആയതിനാൽ വൈദ്യുതി വെട്ടത്തിന് അനുമതി ഇല്ല. ലേലം ചെയ്തു കൊടുക്കുന്ന കടകൾ വെളിച്ചം നൽകണം എന്ന വ്യവസ്ഥ ആണുള്ളത്. വന്യ മൃഗങ്ങളെ ഭയന്ന് പാതയിൽ എല്ലായിടത്തും കടകൾ ഇല്ല. പ്രവർത്തിക്കുന്ന ഏതാനും കടകളിലെ വെളിച്ചവും ഭക്തർ ഉപയോഗിക്കുന്ന ടോർച്ചുകളുടെ വെട്ടവും ആണ് രാത്രിയിൽ വെളിച്ചമായുള്ളത്. നന്നായി മനുഷ്യ സഞ്ചാരം ആയാലാണ് വന്യ മൃഗങ്ങൾ ഉൾക്കാട്ടിലേക്ക് മാറുക. എങ്കിലും തീർത്ഥാടക തിരക്ക് ഉള്ള സമയത്തും പലപ്പോഴും ആനകൾ ഇറങ്ങുന്നുണ്ട്. കടകൾ നശിപ്പിച്ച സംഭവങ്ങൾ നിരവധിയാണ്. മുന്നിലും പിന്നിലും വനപാലക സംഘം അണിനിരന്നാണ് കഴിഞ്ഞ തീർത്ഥാടന സീസണിൽ ഭക്തരെ പാത തുറക്കുന്ന രാവിലെയും പാത അടയ്ക്കുന്ന വൈകുന്നേരവും കൊണ്ടുപോകുന്നത്. ഇത് കൂടാതെ സദാ സമയവും അലേർട്ട് ആയി എലിഫന്റ് സ്‌ക്വാഡ് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഉണ്ട്. വാസ്തവം ഇതായിരിക്കെ രാത്രിയും പകലും പാത തുറന്നു നൽകുമെന്ന് ഏതെങ്കിലും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട് എങ്കിൽ അത് വനം വകുപ്പിന്റെ അറിവോടെ അല്ലന്ന് ഉദ്യോഗസ്ഥർ പറയുന്നു. കോടതി ഏർപ്പെടുത്തിയ നിയന്ത്രണം എന്നത് അയ്യപ്പ ഭക്തരുടെ ജീവന്റെ രക്ഷയ്ക്ക് എന്നത് പരിഗണന നൽകിയാണ്. ശബരിമല സീസണിൽ ആദ്യ ഭാഗമായ മണ്ഡല കാലത്ത് കടകളും ഭക്തരും ഇല്ലാതെ പാത വിജനമാണെന്നത് എല്ലാ സീസണിലും കാണുന്ന കാഴ്ചയാണ്. മകരവിളക്ക് സീസണിൽ ആണ് പാതയിൽ തിരക്ക് ഉണ്ടാകുന്നത്. ഈ തിരക്ക് എന്നത് ശബരിമലയിലേക്കുള്ള യാത്ര ആണ്. തിരികെ ഭക്തർ ആരും ഇതുവഴി വരുന്നില്ല. വൺവേ ആയി ആണ് യഥാർത്ഥത്തിൽ ഭക്തർ ഈ പാത ഉപയോഗിക്കുന്നത്. ഭക്തരെയും കച്ചവടക്കാരെയും മുഴുവൻ സമയവും ഒരേപോലെ കാത്ത് സംരക്ഷിക്കാൻ നിലവിൽ വനം വകുപ്പിന് സൗകര്യങ്ങൾ പരിമിതികളിലാണ്. രാത്രി യാത്ര നിരോധനം ഉള്ളത് കൊണ്ടാണ് കാര്യമായ അപകടങ്ങൾ ഒഴിയുന്നത്. മുഴുവൻ സമയ സഞ്ചാരം അനുവദിക്കണം എങ്കിൽ ഇതിന് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണം. അത് നടക്കാതെ എങ്ങനെ സുരക്ഷ നൽകാൻ സാധിക്കും എന്ന് ജില്ലാ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചോദിച്ചു. കോട്ടയം ജില്ല മാത്രമല്ല പാതയിൽ ഉള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വനം വകുപ്പ് റേഞ്ച് പരിധികൾ മാറി മറിയുന്ന ഈ പാതയിൽ മൂന്ന് ജില്ലകളിലെ വനം വകുപ്പിൽ നിന്നുള്ള സംയുക്ത നടപടികൾ ആണ് ഉണ്ടാകേണ്ടതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

വന്യമൃഗങ്ങളുടെ ശല്യവും ഭക്തരുടെ സുരക്ഷയും മുൻനിർത്തി വനംവകുപ്പും പോലീസും കാനന പാതയിൽ കർശനമായ സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത് നിലവിൽ പിൻവലിച്ചിട്ടില്ല.
കാനന പാതയിലൂടെയുള്ള യാത്രയുമായി ബന്ധപ്പെട്ട സമയക്രമത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ശബരിമല സീസണിൽ
സാധാരണയായി രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ മാത്രമാണ് ഭക്തരെ കടത്തിവിടുന്നത്. തിരക്ക് പരിഗണിച്ച് ചില പ്രത്യേക ദിവസങ്ങളിൽ കളക്ടറുടെ ഉത്തരവ് പ്രകാരം ഈ സമയം ദീർഘിപ്പിക്കാറുണ്ട്.

error: Content is protected !!