KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുഞ്ഞ് ഋഗ്വേദയുടെ ചികിത്സ സഹായത്തിന് ഒരുമയോടെ എരുമേലി കൈകോർക്കുന്നു .

എരുമേലി: ആലുവ രാജഗിരി ആശുപത്രി വെന്റിലേററ്റില്‍ ചികിത്സയില്‍ കഴിയുന്ന എരുമേലിയിലെ ഒന്നര വയസുകാരി ഋഗ്വേദയുടെ വൻ ചെലവേറിയ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട് ഒരുമിച്ചിറങ്ങി. കഴിഞ്ഞ ദിവസം കനകപ്പലം ശ്രീനിപുരത്തും ഇന്നലെ എരുമേലി ടൗണിലും ആണ് സഹായം അഭ്യര്‍ത്ഥിച്ച് ഇറങ്ങിയത്. നാടിന്റെ നാനാ തുറകളിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. ഏറെ പ്രയാസങ്ങളിൽ കഴിയുന്നവർ വരെ മിച്ചം പിടിച്ച് തുക നൽകിക്കൊണ്ടിരിക്കുന്നു.

അടുത്ത വെള്ളിയാഴ്ച ജുമാ ദിവസം മേഖലയിൽ മുസ്ലിം പള്ളികളിൽ സഹായ നിധി സമാഹരണം നടത്താൻ എരുമേലി മുസ്ലിം ജമാഅത്ത് കമ്മറ്റി നിർദേശം നൽകിയിട്ടുണ്ട്. എരുമേലിയിലെ എംബസി സ്വകാര്യ ബസ് സർവീസ് ഒരു ദിവസത്തെ കളക്ഷൻ നൽകി. കനകപ്പലത്തെ ഓട്ടോ ഡ്രൈവർമാർ സഹായ നിധി സമാഹരണം നടത്തി തുക കൈമാറി. സ്കൂളിൽ ഫുഡ്‌ ഫെസ്റ്റ് നടത്തി കിട്ടിയ തുക കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ അധികൃതർ കൈമാറി.

ശ്രിനിപുരം സ്വദേശിയായ രാഹുലിന്റെയും ജുഡിത്തിന്റെയും മകളാണ് ഒന്നര വയസ്സ് പ്രായമുള്ള ഋഗ്വേദ. പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ന്യുമോണിയ കൂടുതലാകുകയും ശ്വാസകോശ പ്രശ്‌നം വരികയുമായിരുന്നു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കുന്ന എക്‌മോ ചികിത്സ തുടരുകയാണ്. നിലവിലെ ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 40 ലക്ഷത്തോളം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തെ ചികിത്സയ്ക്കായി ഒരു ലക്ഷത്തില്‍ അധികം തുക വേണ്ടി വരും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന രാഹുലിനും കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. സുമനസ്സുകളുടെ സഹായം ലഭിച്ചെങ്കില്‍ മാത്രമേ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയു.

ചികിത്സ സഹായ സമാഹരണത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്റെ അധ്യക്ഷതയില്‍ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി നാട് ഒന്നടങ്കം ചികിത്സ സഹായം സ്വരൂപിക്കാന്‍ ഇറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പങ്കാളികളായി. ഒരു മാസത്തിനുള്ളില്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്തേണ്ടതായുണ്ട്. നിരിധി മേഖലകളില്‍ നിന്നുമുള്ള സഹായമെത്തുന്നുണ്ടെങ്കിലും ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടതായുണ്ട്. എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ് കുടുംബവും ജനകീയ സമിതി പ്രവര്‍ത്തകരും.

error: Content is protected !!