KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ ആരോഗ്യപദ്ധതിയുടെ മറവിൽ വൻ ഡാറ്റാ കച്ചവടമെന്ന് ബി.ജെ.പി ആരോപിച്ചു ; സമഗ്രാന്വേഷണം വേണമെന്ന് ആവശ്യം..

ചിറക്കടവ്: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ നടപ്പാക്കുന്ന ‘ശ്രദ്ധ’ സമഗ്ര ആരോഗ്യ പരിപാലന പരിപാടിയുടെ മറവിൽ വൻ ഡാറ്റാ കച്ചവടവും നിയമലംഘനങ്ങളും നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കാനെന്ന വ്യാജേന ജനങ്ങളുടെ അതീവ രഹസ്യമായ മെഡിക്കൽ ഡാറ്റ ശേഖരിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് വിൽക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിന് വാർഡ് മെമ്പർ കൂട്ടുനിൽക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം (DPDP Act) കാറ്റിൽപ്പറത്തിയാണ് വിദ്യാർത്ഥികളെ ഉൾപ്പെടെ ഉപയോഗിച്ച് രക്തപരിശോധനയും ഡാറ്റാ ശേഖരണവും നടത്തുന്നത്. സ്വതന്ത്രമായ സമ്മതപത്രം വാങ്ങാതെയും സുരക്ഷിത സെർവറുകൾ ഇല്ലാതെയുമാണ് സ്വകാര്യ ഏജൻസികൾ ഈ വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന് പിന്നിലുള്ള സംഘടനകളുടെ സാമ്പത്തിക സ്രോതസ്സും വിദേശ ഫണ്ടിംഗും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

രക്തപരിശോധനയിലൂടെ ലഭിക്കുന്ന ജനിതക വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഭാവിയിൽ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും. ശേഖരിക്കുന്ന ആരോഗ്യ ഡാറ്റകൾ മരുന്ന് കമ്പനികൾക്കും ഇൻഷുറൻസ് ഏജൻസികൾക്കും വിൽക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് സാധാരണക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടുന്നതിലേക്ക് നയിക്കുമെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. പഞ്ചായത്തിന്റെ പകൽവീട്ടിൽ സ്വകാര്യ ഏജൻസിക്ക് ഫിസിയോതെറാപ്പി സെന്റർ തുടങ്ങാൻ മുൻകൈയെടുത്ത വാർഡ് മെമ്പർക്ക് ഈ സംഘടനകളുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളുണ്ടെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.

തുച്ഛമായ സൗജന്യങ്ങൾക്ക് വേണ്ടി വ്യക്തിഗത ആരോഗ്യ വിവരങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറരുതെന്ന് ജനങ്ങളോട് നേതാക്കൾ അഭ്യർത്ഥിച്ചു. വിഷയത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായും കേന്ദ്ര ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഉൾപ്പെടെയുള്ള ഏജൻസികളെ സമീപിക്കുമെന്നും ബി.ജെ.പി വ്യക്തമാക്കി. നിയമവിരുദ്ധ ഡാറ്റാ ശേഖരണം അടിയന്തരമായി നിർത്തിവെച്ച് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

പത്രസമ്മേളനത്തിൽ ബി.ജെ.പി ചിറക്കടവ് ഏരിയ പ്രസിഡന്റ് ജിതിൻ ജയകുമാർ, ചെറുവള്ളി ഏരിയ പ്രസിഡന്റ് ജിൻസ് നല്ലേപ്പറമ്പിൽ, ചിറക്കടവ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഗോപി പാറാംതോട്, ചിറക്കടവ് ഏരിയ സെക്രട്ടറി അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!