KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി. പി. റോഡിൽ കാറുകൾ കൂട്ടിയിടിച്ചു ; ഇടയിൽ പെട്ട സ്കൂട്ടർ യാത്രക്കാരി വിധവയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .. ഗുരുതര പരിക്കുകളോടെ മകൻ ആശുപത്രിയിൽ ..

പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണി കുമ്പാനിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ വിധവയായ വീട്ടമ്മക്ക് ദാരുണാന്ത്യം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന മകന് ഗുരുതരമായി പരികേറ്റു. ഉരുളികുന്നം കല്ലോലിക്കൽ പരേതനായ പി.പി. മനോജിന്റെ ഭാര്യ സുജിതകുമാരി (41) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇളയമകൻ അമൽ കൃഷ്ണയെ (14) കാരിത്താസ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പൈകയിൽ ഐഡിയ പോയിന്റ് കസ്റ്റമർ കെയർ ജീവനക്കാരിയാണ് സുജിതകുമാരി.

റോഡിൽ കാറുകൾ പരസ്‌പരം കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണംവിട്ട ഒരു കാർ യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. ഉച്ചകഴിഞ്ഞ് പൈക ഭാഗത്തുനിന്ന് വന്ന കാറും പാലായിൽനിന്ന് പൈക ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് പൂവരണിയിൽ വെച്ച് ആദ്യം കൂട്ടിയിടിച്ചത്. ഇതിന്റെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറുകളിലൊന്ന് പാലായിൽനിന്ന് ഉരുളിക്കുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന സുജിതകുമാരി ഓടിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു.

ഇടിയുടെ ശക്തമായ ആഘാതത്തിൽ സുജിതകുമാരിയും മകനും സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട് പാഞ്ഞ കാർ റോഡരികിൽ തലകീഴായി മറിയുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഞണ്ടുപാറ കല്ലാമ്പിള്ളിൽ കെ.എ. ജോസഫിന് (73) പരിക്കേറ്റതിനെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരേതനായ പി.പി.മനോജ്(സന്തോഷ് പള്ളത്ത് ) ആണ് സുജിതകുമാരിയുടെ ഭർത്താവ്. നീലൂർ പോതമത്ത് കുടുംബാംഗമാണ് സുജിതകുമാരി. പരേതനായ രാഘവൻനായരുടെ മകളാണ്. അമ്മ: കൃഷ്ണകുമാരി. സഹോദരി: അഞ്ജന സുമേഷ്. ഇടമറ്റം കെ.ടി.ജെ.എം. ഹൈസ്കൂൾ വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, അമൽ കൃഷ്ണ‌ണ എന്നിവരാണ് മക്കൾ. സുജിതകുമാരിയുടെ സംസ്‌കാരം തിങ്കളാഴ്ച രാത്രി എട്ടിന് കല്ലോലിക്കൽ വീട്ടുവളപ്പിൽ.

error: Content is protected !!