കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് : പുതിയ കെട്ടിടത്തിനായുള്ള കാത്തിരിപ്പിന് 16 വർഷം.
കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ. ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് പുതിയകെട്ടിടം നിർമിച്ചു നൽകണമെന്ന് ആവശ്യം ശക്തമാകുന്നു. കോളേജ് വികസനസമിതിയിൽ വിദ്യാർഥികളും കോളേജ് പി.ടി.എ. അംഗങ്ങളും ചേർന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എയ്ക്ക് നിവേദനം നൽകി. പുതിയ കെട്ടിടത്തി ന്റെ പ്രവർത്തനങ്ങൾ ഐ.എ ച്ച്.ആർ.ഡി. ഡയറക്ടറുമായി കൂടിയാലോചിച്ച് ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്ത് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ അധ്യ lക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, 31 വാർഡംഗം സയന ഷാമോൻ എന്നിവർ പ്രസംഗിച്ചു.
കോളേജിന്റെ ഭൗതിക സാഹചര്യം മാറുന്നതനുസരിച്ചു പുതുതലമുറ കോഴ്‌സുകൾ, നൈപുണ്യ, ഇന്റേൺഷിപ്പ് കേന്ദ്രം, വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പരീക്ഷ തുടങ്ങിയ കേന്ദ്രങ്ങളായും ഉപയോഗപ്പെടുത്താമെന്ന് യോഗം വിലയിരുത്തി.
കോളേജ് താത്കാലിക കെട്ടി ടത്തിലായിട്ട് 16 വർഷംങ്ങൾ കഴിഞ്ഞു.മലയോര മേഖലയിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി 2009-2010 അധ്യയന വർഷത്തിലാണ് ഐ.എ ച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളജ് അനുവദിച്ചത്. പേട്ട ഗവ. ഹൈസ്കൂളിലെ അഞ്ചു മുറികളിലായാണു കോളേജ് ആരംഭിച്ചത്. പിന്നീട് പേട്ട സ്‌കൂളിലും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ പുത്തനങ്ങാടിയിൽ വാടകക്കെട്ടിടത്തിലുമായാണ് കോളേജ് പ്രവർത്തിച്ചത്. പല തവണ സർവകലാശാല അഫിലിയേഷൻ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പുതിയ കെട്ടിടം നിർമിക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പിൽ പ്രവർത്തനം തുടർന്നു.
സ്ഥലവും ഫണ്ടും അനുവദിച്ചു; കെട്ടിടംമാത്രം ഉയർന്നില്ല
വർഷങ്ങളായുള്ള ആവശ്യങ്ങൾക്കൊടുവിൽ മുൻ എം .എൽ.എ. ഡോ. എൻ. ജയരാ ജ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ 2023ൽ പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പേട്ട ഗവ. ഹൈസ്കൂളിന്റെ ഉടമസ്ഥതയിലുള്ള 50.76 സെന്റ സ്ഥലം കോളേജിന് വിട്ടുനൽ കാൻ തീരുമാനിച്ച് ഉത്തരവായിരുന്നു. ഇവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതിയും ലഭിച്ചിരുന്നു. എം.എൽ.എ .ഫണ്ടിൽ തുക അനുവദിച്ചെങ്കിലും നിർമാണം മാത്രം നടന്നില്ല. കോളേജിന് സ്വന്തമായി കെട്ടിടമെന്ന നിവേദനങ്ങളുമായി സ്കൂൾ അധികൃതരും പി.ടി.എ.യും വിദ്യാർഥികളും ഇപ്പോഴും ജനപ്രതിനിധികളുടെ പിന്നാലെ നട ക്കുകയാണ്.
