KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പാവാലി-ശബരിമല പാതയിൽ സുരക്ഷാ ഓഡിറ്റിംഗിന് മരാമത്ത് വകുപ്പ്.

എരുമേലി: ശബരിമല തീർത്ഥാടന പാതയിലെ എരുമേ ലി – കണമല ഭാഗങ്ങളിൽ മണ്ഡല – മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായുള്ള റോഡ് നവീകരണ ജോലികളും സുരക്ഷാക്രമീകരണങ്ങളും നടപ്പിലാക്കിയ ശേഷം സുരക്ഷാ ഓഡിറ്റിംഗ് നടത്തുമെന്ന് മരാമത്ത് വകുപ്പും ദേശീയപാതാ വിഭാഗവും.

തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് നവംബർ ആദ്യ വാരത്തോടെ നിർമ്മാണങ്ങൾ പൂർത്തിയാക്കി സുരക്ഷാ ഓഡിറ്റിംഗ് നടത്താനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. തീർത്ഥാടന കാലം പ്രമാണിച്ച് സർക്കാർ അനുവദിച്ച 450 കോടി രൂപയുടെ പ്രത്യേക ശബരിമല റോഡ് വികസന പാക്കേജിൽ ഈ പാതയും ഉൾപ്പെടുന്നു. കണമല അട്ടിവളവ് ഭാഗത്ത് മുൻ കാലങ്ങളിൽ വൻ അപകടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അപകട മുന്നറിയിപ്പ് ബോർഡുകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ സുരക്ഷാ മുൻകരുതൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

ജൽ ജീവൻ മിഷൻ പൈപ്പ് ഇടലുമായി ബന്ധപ്പെട്ട് തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികളും ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള റീ -ടാറിംഗ് ജോലികളും ഈ റൂട്ടു കളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിട്ടുണ്ട്. എരുമേലി മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തീർത്ഥാടന കാലത്തെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ എരുമേലിയിലെ പ്രധാന റിംഗ് റോഡുകൾ വികസിപ്പിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ സർവെയും നടപടികളും പുരോഗമിക്കുകയാണന്ന് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കണമല ഇറക്കത്തിലെ കുത്തനെയുള്ള വളവുകളിൽ വലിയ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ തെന്നിമാറുന്നത് തടയാൻ റോഡ് ബിഎം ആൻഡ് ബിസി ഉന്നത നിലവാരത്തിൽ റീടാറിങ് നടത്തി ഉപരിതലം മികച്ച ഗ്രിപ്പുള്ളതാക്കി മാറ്റും. അട്ടിവളവിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് താഴ്ച‌യിലേക്ക് മറിയുന്നത് തടയാൻ ശക്തമായ കോൺക്രീറ്റ് ക്രഷർ ഭിത്തികളും കൈവരികളും സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളുടെ വേഗത തനിയെ കുറയ്ക്കുന്നതിനായി റോഡിൽ പ്രത്യേക റംബിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ വിവിധ ഭാഷകളിൽ വലിയ അപകട മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിക്കും. രാത്രികാലങ്ങളിലും മഞ്ഞുള്ള സമയങ്ങളിലും കാഴ്‌ച വ്യക്തമാക്കാൻ അട്ടിവളവ് ഭാഗങ്ങളിൽ ഉയർന്ന ശേഷിയുള്ള എൽ ഇഡി ലൈറ്റുകളും ബ്ലിങ്കർ ലൈറ്റുകളും സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.

error: Content is protected !!